കളഞ്ഞു കിട്ടിയ ഡയമണ്ട് ആഭരണം ഉടമയ്ക്ക് നൽകി ഹരിത കർമ്മസേനയുടെ മാതൃക
തൃക്കരിപ്പൂർ: പ്ലാസ്റ്റിക് ശേഖരണത്തിനിടെ ലഭിച്ച ഡയമണ്ട് ആഭരണം ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മ സേനയുടെ മാതൃക. രണ്ടു ലക്ഷത്തിന്റെ ഡയമണ്ട് ആഭരണമാണ് ഹരിത കർമ്മ സേന ഉടമയ്ക്ക് തിരിച്ചു നൽകിയത്. തൃക്കരിപ്പൂർ ബസ്റ്റാൻഡ് പരിസരത്ത് പ്ലാസ്റ്റിക് ശേഖരിക്കുകയായിരുന്നു സംഘം. ഇതിനിടെ കനറാ ബാങ്ക് ശാഖാ പരിസരത്ത് എത്തിയപ്പോൾ ഹരിത കർമ്മ സേനാംഗമായ ഉഷയ്ക്ക് തറയിൽ നിന്ന് ആഭരണം കണ്ടുകിട്ടി. പരിശോധിച്ചപ്പോൾ രണ്ടു ലക്ഷത്തോളം രൂപ വില വരുന്ന ഡയമണ്ട് നെക്ലസ് ആണെന്ന് തിരിച്ചറിഞ്ഞു. ഉടൻതന്നെ പഞ്ചായത്ത് പ്രസിഡന്റ് സാജിത സഫറുള്ളയെയും, വി ഇ ഒ റാഷിദിനെയും വിവരമറിയിച്ചു. പിന്നീട് നടത്തിയ തെരച്ചിൽ ടൗണിലെ സ്ഥാപനത്തിലേക്ക് വന്ന ഡോക്ടർ ധന്യയുടെ ആഭരണമാണ് ഇതെന്ന് അറിഞ്ഞു. ഇതോടെ ഡോക്ടർ ധന്യയെ അധികൃതർ വിവരമറിയിച്ചു. തുടർന്ന് സാജിത സഫറുള്ള, പഞ്ചായത്ത് സ്ഥിര സമിതി അധ്യക്ഷൻ ടി എസ് നജീബ്, പഞ്ചായത്ത് അംഗം ഫായിസ് ബീരിച്ചേരി തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ഡോക്ടർക്ക് നെക്ലസ് കൈമാറി. സംഭവം വാർത്തയായതോടെ സമൂഹമാധ്യമങ്ങളിൽ ഹരിത കർമ്മ സേനക്ക് അഭിനന്ദനങ്ങളുടെ പ്രവാഹമാണ്. എം ഉഷ പള്ളത്തിൽ, സ്മിത തങ്കയം, എം ഷൈല ഉടുമ്പുന്തല, എ പി ടി ജുവൈരിയ മെട്ടമ്മൽ എന്നിവരാണ് ഹരിത കർമ്മ സംഘത്തിൽ ഉണ്ടായിരുന്നത്.
What's Your Reaction?