കുവൈത്തിലെ പ്രവാസികൾ രാജ്യത്തിന്റെ അതിഥികൾ.
കുവൈറ്റ് സിറ്റി: കുവൈത്തിൽ താമസിക്കുന്ന പ്രവാസികൾ രാജ്യത്തിന്റെ അതിഥികളാണെന്നും, അവരുടെ അവകാശങ്ങളും, അന്തസ്സും സംരക്ഷിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും വിദേശകാര്യ മന്ത്രാലയത്തിലെ മനുഷ്യാവകാശകാര്യ സഹമന്ത്രി ഷെയ്ഖ ജവഹർ അൽ-ദുവൈജ് പറഞ്ഞു. അതേസമയം, തൊഴിലുടമകൾക്കും നീതിയുടെ ചട്ടക്കൂടിനുള്ളിൽ ബഹുമാനിക്കപ്പെടേണ്ടതും സംരക്ഷിക്കപ്പെടേണ്ടതുമായ അവകാശങ്ങളും കടമകളുമുണ്ടെന്നും അവർ ഓർമ്മിപ്പിച്ചു.
ആഗോള മനുഷ്യക്കടത്ത് വിരുദ്ധ ദിനത്തോടനുബന്ധിച്ച് മാനവ ശേഷി സമിതിയുടെ നേതൃത്വത്തിൽ അവന്യൂസ് മാളിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ലോകമെമ്പാടുമുള്ള 150-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി തൊഴിലാളികളാണ് കുവൈത്തിൽ കഴിയുന്നത്. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനുമായി വിവിധ മേഖലകളിലായി അവർ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മനുഷ്യക്കടത്ത്, കുടിയേറ്റ കള്ളക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങളെ ചെറുക്കേണ്ടതിന്റെ പ്രാധാന്യവും അവർ എടുത്തുപറഞ്ഞു.
What's Your Reaction?