കേരള ബുക്ക് ഓഫ് റെക്കോഡ്സ് 'ടാലന്റ് ഐക്കൺ ഹോൾഡർ' പുരസ്കാരം ബാബു കോട്ടപ്പാറയ്ക്ക്
കാഞ്ഞങ്ങാട്: വടംവലി കായികരംഗത്ത് കഴിഞ്ഞ 11 വർഷമായി നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് ബാബു കോട്ടപ്പാറയെ കേരള ബുക്ക് ഓഫ് റെക്കോഡ്സിന്റെ 'ടാലന്റ് ഐക്കൺ ഹോൾഡർ' പുരസ്കാരത്തിന് തെരഞ്ഞെടുത്തു. ആഗസ്റ്റ് 12ന് അങ്കമാലിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും.
2015-ൽ മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നടന്ന സീനിയർ ദേശീയ വടംവലി ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ കേരള ടീമിലെ അംഗമായിരുന്നു അദ്ദേഹം. 2016 മുതൽ കേരള വടംവലി ടീമിന്റെ പരിശീലകനായും, 2019-ൽ കാലിക്കറ്റ് സർവകലാശാലയുടെയും 2020 മുതൽ കണ്ണൂർ സർവകലാശാലയുടെയും വടംവലി പരിശീലകനായും പ്രവർത്തിച്ചുവരുന്നു.
13-ഓളം ദേശീയ മത്സരങ്ങളിൽ പരിശീലകനായി പങ്കെടുത്ത ബാബു കോട്ടപ്പാറ കേരളത്തിനും കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകൾക്കും നിരവധി മെഡലുകൾ നേടിക്കൊടുത്തിട്ടുണ്ട്. തൃശൂർ വിമല കോളേജ്, പീപ്പിൾസ് കോളേജ് മുന്നാട്, പടന്നക്കാട് നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ്, സി.എസ്.എ. കോളേജ് മാടായി, രാജപുരം സെന്റ് പയസ് കോളേജ് എന്നിവയുൾപ്പെടെ വിവിധ കോളജ് ടീമുകൾക്കും കാസർകോട്, മലപ്പുറം ജില്ലകളിലെ സ്കൂൾ ടീമുകൾക്കും പരിശീലനം നൽകിയിട്ടുണ്ട്. മടിക്കൈ കക്കാട്ട് ഗവ. ഹൈസ്കൂൾ, ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്കൂൾ, ഇരിയ ഹൈസ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർഥികളെയും പരിശീലിപ്പിച്ചിട്ടുണ്ട്.
നിരവധി തവണ കാസർകോട് ജില്ലാ വടംവലി ടീമിന്റെ പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം നിലവിൽ വടംവലി അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡന്റാണ്. മാധ്യമരംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെയായി പ്രവർത്തിക്കുന്ന അദ്ദേഹം നിലവിൽ ജന്മഭൂമി ദിനപത്രത്തിന്റെ കാഞ്ഞങ്ങാട് ബ്യൂറോ റിപ്പോർട്ടറും കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറിയുമാണ്.
What's Your Reaction?