ദുബായ് ഗ്ലോബൽ വില്ലേജ് ഇന്ന് തുറക്കും. ഓൺലൈൻ വഴി ടിക്കറ്റെടുക്കാം.
ദുബായ്: ദുബായിലെ ഏറ്റവും ആകർഷണീയമായ, വിനോദ സഞ്ചാര കേന്ദ്രമായ ഗ്ലോബൽ വില്ലേജ് ഒക്ടോബർ 15 ന്ന് സന്ദർശകർക്കായി തുറന്നു കൊടുക്കും. സീസൺ 30 തിന്റെ ഭാഗമായി ടിക്കറ്റുകൾ ഓൺലൈനിൽ ലഭ്യമായി തുടങ്ങി. ഞായർ മുതൽ വ്യാഴം വരെയുള്ള പ്രവൃത്തി ദിവസങ്ങളിൽ ഒരാൾക്ക് 25 ദിർഹമാണ് ടിക്കറ്റ് നിരക്ക്. വാരാന്ത്യങ്ങളിലും, പൊതു അവധി ദിവസങ്ങളിലും 30 ദിർഹം ഈടാക്കും. മൂന്ന് വയസ്സിന്ന് താഴെയുള്ള കുട്ടികൾക്കും, 65 വയസ്സിന്ന് മുകളിലുള്ളവർക്കും, നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്. സന്ദർശകർക്ക് അവരുടെ ടിക്കറ്റുകൾ നേരിട്ട് ഗേറ്റുകളിൽ സ്കാൻ ചെയ്യാൻ കഴിയുന്നതിനാൽ ഓൺലൈൻ ബുക്കിംഗ് സമയം ലാഭിക്കുക മാത്രമല്ല, സുഗമമായ പ്രവേശനം ഉറപ്പാക്കുകയും ചെയ്യുന്നു. ഗ്ലോബൽ വില്ലേജ് തുറക്കുന്നതോടൊപ്പം സന്ദർശകർക്ക് കർശന നിർദ്ദേശവും അധികൃതർ നൽകുന്നുണ്ട്. ഇനി മുതൽ മാന്യമായ വസ്ത്രം ധരിച്ചില്ലെങ്കിൽ ഗ്ലോബൽ വില്ലേജിലേക്ക് പ്രവേശനം ഉണ്ടാകില്ല. ദുബായ് ഗ്ലോബൽ വില്ലേജ് പുറത്തിറക്കിയ പുതിയ മാനദണ്ഡമനുസരിച്ച്, തോളുകളും, കാൽ മുട്ടുകളും മറയ്ക്കുന്ന വസ്ത്രം നിർബന്ധമാണ്. ഇത് സ്ത്രീകൾക്കും, പുരുഷൻമാർക്കും ഒരുപോലെ ബാധകമാണ്. അമിതമായ സ്നേഹപ്രകടനവും വില്ലേജിനകത്ത് അനവദനീയമല്ല. പുറത്ത് നിന്നുള്ള ഭക്ഷണപദാർത്ഥങ്ങളും ഇവിടെ അനുവദിക്കില്ല. യു എ ഇ യുടെ പതാകയല്ലാതെ മറ്റൊരു രാജ്യത്തിന്റെയും പതാകകൾ വീശുകയോ, കയ്യിൽ വെച്ച് നടക്കുകയോ ചെയ്യാൻ പാടില്ല. വലിയ ലഗേജുകളോ, സ്യൂട്ട് കെയ്സുകളോ അകത്തേക്ക് കൊണ്ടുപോകാൻ പാടില്ല. ഗ്ലോബൽ വില്ലേജിന്റെ അകത്തു നിന്നും വാടകയ്ക്കെടുക്കുന്നവയല്ലാതെ പുറത്ത് നിന്നും സ്കൂട്ടർ, സൈക്കിൾ, സ്കേറ്റിംഗ് ബോർഡ് എന്നിവ കൊണ്ടുവരാൻ പാടില്ല. ഒരു കാരണവശാലും പെറ്റ്സിനെ പ്രവേശിപ്പിക്കില്ല. വ്യക്തിഗത ആവശ്യത്തിനല്ലാതെ മാദ്ധ്യമങ്ങൾക്കോ, ഇൻഫ്ലൂവൻസർമാർക്കോ, പ്രൊഡൻക്ഷൻ ഹൗസുകൾക്കോ പ്രൊഫഷണൽ രീതിയിൽ വീഡിയോ ചിത്രീകരിക്കണമെങ്കിൽ ഗ്ലോബൽ വില്ലേജിന്റെ വെബ്സൈറ്റ് വഴി നിർബന്ധമായും ഔദ്യോഗികാനുമതി മുൻകൂട്ടി വാങ്ങിയിരിക്കണം.
What's Your Reaction?