ബിൽഡിംഗ് പെർമിറ്റിന് 15,000 രൂപ കൈക്കൂലി; കണ്ണൂർ കോർപ്പറേഷൻ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിൽ
കണ്ണൂർ: ബിൽഡിംഗ് പെർമിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കണ്ണൂർ കോർപ്പറേഷനിലെ അസിസ്റ്റന്റ് എൻജിനീയർ വിജിലൻസിന്റെ പിടിയിലായി. കണ്ണൂർ കോർപ്പറേഷന്റെ എടക്കാട് സോണിലെ അസിസ്റ്റന്റ് എൻജിനീയർ പി. മുഹമ്മദ് അസ്ലമിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തും സംഘവും അറസ്റ്റ് ചെയ്തത്.
കണ്ണൂർ കാൾടെക്സ് പരിസരത്ത് വെച്ചാണ് വിജിലൻസ് സംഘം പ്രതിയെ കൈയോടെ പിടികൂടിയത്. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് 20,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട ഇയാൾക്ക് പരാതിക്കാരൻ 15,000 രൂപ നൽകുന്നതിനിടെയാണ് വിജിലൻസ് സംഘം കുടുക്കിയത്.
കൈക്കൂലി ആവശ്യപ്പെട്ട വിവരം പരാതിക്കാരൻ വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് വിജിലൻസ് എസ്.പി. പി. ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം നടത്തിയ ആസൂത്രിത നീക്കത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം തലശ്ശേരി വിജിലൻസ് കോടതിയിൽ ഹാജരാക്കുമെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.
What's Your Reaction?