റഷ്യൻ മിസൈൽ ആക്രമണം; മരിച്ചവരിൽ വെള്ളരിക്കുണ്ട് സ്വദേശി അഖിൽ ജോയലും
കാഞ്ഞങ്ങാട്: യുക്രെയിനിലെ ഒഡേസ തുറമുഖത്തിന് സമീപം ചരക്കുകപ്പലിന് നേരെയുണ്ടായ റഷ്യൻ ക്രൂസ് മിസൈൽ ആക്രമണത്തിൽ കാസർകോട് സ്വദേശിയായ മലയാളി മരിച്ചു. വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി വാലിപ്ലാക്കൽ അഖിൽ ജോയൽ (26) ആണ് മരിച്ചത്.
ഗിനിയ-ബിസാവു പതാകയുള്ള ഗോൾഡൻ ലിയോ എന്ന ചരക്കുകപ്പലിന് നേരെയാണ് ആക്രമണം നടന്നതെന്ന് യുക്രെയിൻ വ്യോമസേന അറിയിച്ചു. കപ്പലിലുണ്ടായിരുന്ന ഇന്ത്യൻ, സിറിയൻ നാവികരിൽ പത്ത് പേർ കൊല്ലപ്പെട്ടതായും എട്ട് പേരെ രക്ഷപ്പെടുത്തിയതായും പ്രാഥമിക വിവരങ്ങളുണ്ട്.
എ.കെ.ജി നഗറിലെ ജോയലിന്റെയും സാലിയുടെയും ഏകമകനാണ് അഖിൽ ജോയൽ. തിങ്കളാഴ്ച ഉച്ചയോടെയാണ് ജോലിസ്ഥലത്ത് നിന്ന് അഖിലിന്റെ മരണവിവരം ഇ-മെയിൽ സന്ദേശത്തിലൂടെ കുടുംബത്തിന് ലഭിച്ചത്.
അവധി കഴിഞ്ഞ് നാട്ടിലെത്തി വിവാഹനിശ്ചയം നടത്തിയ ശേഷം ഒരു മാസം മുൻപാണ് അഖിൽ വീണ്ടും ജോലിക്കായി കപ്പലിൽ കയറിയത്. 19-ാം വയസ്സിൽ കപ്പൽ ജോലിയിൽ പ്രവേശിച്ച അഖിൽ മികച്ച വടംവലി താരവും ഫിംഗർ പുള്ളിംഗിൽ ലോക റെക്കോർഡ് നേടിയ കായികതാരവുമായിരുന്നു.
അപകടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഇതുവരെ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ തേടാനുള്ള ശ്രമങ്ങൾ കുടുംബം തുടരുകയാണ്.
What's Your Reaction?