ലോകമെമ്പാടുമുള്ള 666 ദശലക്ഷം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.

Jun 27, 2025 - 11:52
 0
ലോകമെമ്പാടുമുള്ള 666 ദശലക്ഷം ആളുകൾക്ക് ഇപ്പോഴും വൈദ്യുതി ലഭിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്.

ന്യൂയോർക്ക്: ലോകജനസംഖ്യയുടെ ഏകദേശം 92 ശതമാനം പേർക്കും ഇപ്പോൾ വൈദ്യുതി ലഭ്യമായിട്ടുണ്ടെങ്കിലും, 666 ദശലക്ഷത്തിലധികം ആളുകൾ ഇപ്പോഴും വൈദ്യുതിയില്ലാതെയാണ് ജീവിക്കുന്നതെന്ന് ലോകാരോഗ്യ സംഘടനയും, അതിന്റെ പങ്കാളികളും ബുധനാഴ്ച പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ടിൽ പറയുന്നു. 2022 മുതൽ അടിസ്ഥാന ഊർജ്ജ ലഭ്യതയുടെ നിരക്ക് മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും, ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നായ 2030 ആകുമ്പോഴേക്കും സാർവത്രിക ലഭ്യത കൈവരിക്കുന്നതിന് നിലവിലെ വേഗത അപര്യാപ്തമാണെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. പുരോഗതി ഉണ്ടായിട്ടും, പ്രാദേശിക അസമത്വങ്ങൾ ഗണ്യമായി നിലനിൽക്കുന്നു. ഗ്രാമപ്രദേശങ്ങളിലെ 1.5 ബില്യൺ ആളുകൾക്ക് ഇപ്പോഴും ശുദ്ധമായ പാചക പരിഹാരങ്ങൾ ലഭ്യമല്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. അതേസമയം രണ്ട് ബില്യണിലധികം ആളുകൾ അവരുടെ പാചക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി മലിനീകരണമുണ്ടാക്കുന്നതും വിറക്, കരി പോലുള്ള അപകടകരമായ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് തുടരുന്നതായും റിപ്പോർട്ടിൽ പറയുന്നു. "ലോകത്തിന്റെ ചില ഭാഗങ്ങളിൽ പുരോഗതി ഉണ്ടായിട്ടും, വൈദ്യുതിയുടെ വികാസവും, ശുദ്ധമായ പാചക ലഭ്യതയും നിരാശാജനകമാംവിധം മന്ദഗതിയിലാണ്. പ്രത്യേകിച്ച് ആഫ്രിക്കയിൽ," അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ഫാത്തിഹ് ബിറോൾ പറഞ്ഞു. വൈദ്യുതി ലഭ്യതയില്ലാത്ത ആഗോള ജനസംഖ്യയുടെ 85 ശതമാനവും ഉപ-സഹാറൻ ആഫ്രിക്കയിലാണ് താമസിക്കുന്നത്. പ്രാദേശിക അസമത്വങ്ങൾക്കും, മന്ദഗതിയിലുള്ള പുരോഗതിക്കും ഒരു പ്രധാന കാരണമായി മതിയായതും, താങ്ങാനാവുന്നതുമായ ധനസഹായത്തിന്റെ അഭാവത്തെ റിപ്പോർട്ട് എടുത്തു പറയുന്നു, "ശുദ്ധ ഊർജ്ജത്തെ പിന്തുണയ്ക്കുന്നതിനായി വികസ്വര രാജ്യങ്ങളിലേക്കുള്ള അന്താരാഷ്ട്ര പൊതു സാമ്പത്തിക ഒഴുക്ക് 2022 മുതൽ വർദ്ധിച്ചിട്ടുണ്ടെങ്കിലും, വികസ്വര രാജ്യങ്ങൾക്ക് 2016 നെ അപേക്ഷിച്ച് 2023 ൽ ഗണ്യമായി കുറഞ്ഞ ഒഴുക്കാണ് ലഭിച്ചത്" വികസ്വര രാജ്യങ്ങൾക്ക്, പ്രത്യേകിച്ച് സബ്-സഹാറൻ ആഫ്രിക്കയിലെ സാമ്പത്തിക സഹായം വർദ്ധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള അന്താരാഷ്ട്ര സഹകരണം ശക്തിപ്പെടുത്തണമെന്ന് റിപ്പോർട്ട് ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow