വയോധികയുടെ മരണം കൊലപാതകം; 10 പവനുമായി മുങ്ങിയ പ്രതി പിടിയിൽ
ദേശമംഗലം: ഞായറാഴ്ച ദേശമംഗലം തച്ചു കുന്ന് പ്രദേശത്ത് വയോധികയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് വെട്ടുകാട് വീട്ടിൽ ശരത്തി(28)നെ അറസ്റ്റ് ചെയ്തു.
തച്ചോത്ത് വീട്ടിൽ സഫിയയെ ഞായറാഴ്ച രാത്രി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പ്രാഥമികമായി ഹൃദയാഘാതമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കിയിരുന്നത്. എന്നാൽ സഫിയ ധരിച്ചിരുന്ന ഏകദേശം 10 പവനോളം സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടത് ദുരൂഹതയ്ക്ക് ഇടയാക്കി.
ചെറുതുരുത്തി പൊലീസ് നടത്തിയ അന്വേഷണത്തിൽ അയൽവാസിയായ ശരത്താണ് പ്രതിയെന്ന് കണ്ടെത്തി. ഇയാളുടെ വീട്ടിലെ ശുചിമുറിയിൽ നിന്ന് സ്വർണാഭരണങ്ങൾ പിടിച്ചെടുത്തു. ശനിയാഴ്ച വൈകുന്നേരം വീടിന്റെ പിൻവാതിലിലൂടെ കയറിയ പ്രതി സ്വർണം കവരുന്നതിനായി സഫിയയെ ആക്രമിച്ചതായി പൊലീസ് വ്യക്തമാക്കി.
ഒരു സ്വർണ്ണമാലയും മൂന്ന് വളകളുമാണ് പ്രതിയിൽ നിന്ന് കണ്ടെത്തിയത്. സ്ഥിരമായി സഫിയയുടെ വീട്ടിൽ തോട്ടപ്പണികൾക്കായി എത്തുന്ന ആളാണ് ശരത്ത്.
കുന്നംകുളം എ.സി.പി മുരളീധരൻ, ചെറുതുരുത്തി സി.ഐ ശശിധരൻ നായർ, എസ്.ഐ കെ.ആർ ജസ്റ്റിൻ, എസ്.ഐ സതീഷ് കുമാർ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
What's Your Reaction?