വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ജയിലിലേക്ക് മാറ്റി.

Mar 4, 2025 - 17:06
 0
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ജയിലിലേക്ക് മാറ്റി.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ജയിലിലേക്ക് മാറ്റി. പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് അഫാനെ കൊണ്ടുപോയത്. നിലവിൽ മൂന്ന് കേസുകളിൽ അഫാന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ അഫാൻ്റെ അനിയനെയും പെൺ സുഹൃത്ത് ഫർസാനയെയും കൊലപ്പെടുത്തിയ കേസിലാണ് ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത്.

പിതാവിൻ്റെ ജ്യേഷ്ഠനെയും ജ്യേഷ്ഠത്തിയെയും കൊലപ്പെടുത്തിയ കേസിലെ അറസ്റ്റ് കസ്റ്റഡിയിൽ വാങ്ങിയശേഷം രേഖപ്പെടുത്തുമെന്ന് വെഞ്ഞാറമൂട് സിഐ അനൂപ് വ്യക്തമാക്കി. അഫാന്റെ പിതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ നേരത്തെ പാങ്ങോട് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.

അതേസമയം നാടിനെ നടുക്കിയ വെഞ്ഞാറമ്മൂട് കൂട്ടക്കൊലയിൽ കുടുംബത്തിനുണ്ടായ സാമ്പത്തിക ബാധ്യതയാണ് കൂട്ടകുരുതിയിലേക്ക് നയിച്ചതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. പ്രതി അഫാന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു പോലീസിന്റെ നിഗമനം. 65 ലക്ഷത്തോളം രൂപ കടമുണ്ടെന്നായിരുന്നു അഫാൻ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് തള്ളുകയാണ് അഫാന്റെ പിതാവ് അബ്ദുൽ റഹീം. ബാങ്ക് ലോണും മറ്റ് കടങ്ങളും ഉൾപ്പെടെ 15 ലക്ഷത്തിന്റെ ബാധ്യത തനിക്കുണ്ടെന്ന് അബ്ദുൾ റഹിം പോലീസിന് നൽകിയ മൊഴിയിലുണ്ട്. എന്നാൽ ഇത് കുടുംബത്തെ അറിയിച്ചിരുന്നില്ല.

അതേസമയം, മകൻ ആക്രമിച്ചത് മറച്ചുവെച്ച് അഫാന്റെ ഉമ്മ ഷമീനയും മജിസ്ട്രേറ്റിനു മുന്നിൽ മൊഴി നൽകി. കട്ടിലിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് മൊഴിയിൽ ആവർത്തിച്ചു. ആരോഗ്യനില വീണ്ടെടുക്കുന്ന ഷെമീയിൽ നിന്ന് ഉടൻ മൊഴി എടുക്കാൻ കഴിയുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

What's Your Reaction?

like

dislike

love

funny

angry

sad

wow