ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസിന്റെ മേൽക്കൂര പറന്നു; സ്കൂളിന് അവധി
കാഞ്ഞങ്ങാട്: ശക്തമായ ചുഴലിക്കാറ്റിൽ കാഞ്ഞങ്ങാട് സൗത്ത് ഗവൺമെന്റ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ കെട്ടിടത്തിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. എട്ടാം ക്ലാസ് മുറികൾക്ക് മുകളിലുണ്ടായിരുന്ന റൂഫിംഗ് ഷീറ്റുകളാണ് കാറ്റിൽ പറന്നുപോയത്.
മേൽക്കൂരയുടെ ഭാഗങ്ങൾ സമീപത്തെ ഒരു തെങ്ങിൽ അപകടകരമായ നിലയിൽ കുടുങ്ങിക്കിടക്കുകയാണ്. പറന്നുപോയ ഷീറ്റുകൾ തൊട്ടടുത്ത പറമ്പിലേക്കാണ് വീണത്. മേൽക്കൂരയുടെ അവശിഷ്ടങ്ങൾ അപകടഭീഷണി ഉയർത്തിയതിനെ തുടർന്ന് സമീപവാസികളായ ഒരു കുടുംബത്തെ മുൻകരുതൽ നടപടിയായി ബന്ധുവീട്ടിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു പ്രദേശത്ത് ശക്തമായ ചുഴലിക്കാറ്റ് വീശിയത്. സ്കൂൾ കെട്ടിടത്തിന് വ്യാപക നാശനഷ്ടമുണ്ടായ സാഹചര്യത്തിൽ ചൊവ്വാഴ്ച സ്കൂളിന് അവധി പ്രഖ്യാപിച്ചു.
സംഭവവിവരം ലഭിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി സുരക്ഷാ നടപടികൾ ആരംഭിച്ചു. കുടുങ്ങിക്കിടക്കുന്ന മേൽക്കൂര ഭാഗങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
What's Your Reaction?