സാഫ് ഗെയിംസ് കിരീട നേട്ടം: മടിക്കൈയുടെ മാളവികയെ ജില്ലാ കളക്ടർ അനുമോദിച്ചു
മടിക്കൈ: സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമംഗവും കാസർകോടിന്റെ അഭിമാനതാരവുമായി മടിക്കൈ ബങ്കളത്തെ പി. മാളവികയെ ജില്ലാ കളക്ടർ അനുമോദിച്ചു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ പ്രശസ്തിപത്രം നൽകി മാളവികയെ ആദരിച്ചു.
ആസ്ട്രേലിയയിൽ നടന്ന സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മാളവിക ഉൾപ്പെട്ട ഇന്ത്യൻ ടീമാണ് കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം തായ്ലൻഡിൽ നടന്ന ഏഷ്യൻ മത്സരത്തിലും മാളവിക അംഗമായ ഇന്ത്യൻ ടീം ജേതാക്കളായിരുന്നു.
ഗോവയിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒരു ഗോൾ നേടുകയും മറ്റൊരു ഗോളിലേക്കുള്ള പെനാൽറ്റി കിക്കിന് വഴിയൊരുക്കുകയും ചെയ്ത മിന്നും പ്രകടനമാണ് മാളവിക കാഴ്ചവെച്ചത്. 26 വർഷങ്ങൾക്കുശേഷം ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിലെത്തുന്ന ഏക മലയാളി താരമെന്ന പ്രത്യേകതയും മാളവികയ്ക്കുണ്ട്.
ബങ്കളത്തെ പരേതനായ എം. പ്രസാദിന്റെയും പി. മിനിയുടെയും മകളായ മാളവിക, പരിശീലകൻ നിതീഷ് ബങ്കളത്തിന്റെ വുമൺ ഫുട്ബോൾ ക്ലിനിക്കിലൂടെയാണ് ഫുട്ബോളിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. നിലവിൽ തൃശൂർ കാർമൽ കോളേജിൽ ബി.കോം അവസാന വർഷ വിദ്യാർത്ഥിനിയാണ്.
മാളവികയോടൊപ്പം അമ്മ പി. മിനി, പരിശീലകൻ നിതീഷ് ബങ്കളം എന്നിവരും ജില്ലാ കളക്ടറെ സന്ദർശിച്ചു. സാഫ് ഗെയിംസ് സീനിയർ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പ് നേടിയ ഇന്ത്യൻ ടീമിനും മാളവികയ്ക്കും ജില്ലാ കളക്ടർ അഭിനന്ദനങ്ങൾ നേർന്നു.
What's Your Reaction?