"എന്റെ വേദന കേൾക്കാൻ ആരുമില്ല"... ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ; 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

Jun 28, 2026 - 08:46
 0
"എന്റെ വേദന കേൾക്കാൻ ആരുമില്ല"... ആത്മഹത്യാക്കുറിപ്പിൽ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ; 27കാരിയുടെ മരണത്തിൽ ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: "എന്റെ വിഷമം പലരോടും പറഞ്ഞിരുന്നു. പക്ഷേ, അത് കേൾക്കാൻ ആരുമുണ്ടായിരുന്നില്ല..." ആറ്റുകാലിൽ ജീവനൊടുക്കിയ 27കാരി ആരതി എഴുതിവെച്ച ആത്മഹത്യാക്കുറിപ്പിലെ ഈ വരികളാണ് മരണത്തിന് പിന്നിലെ ദുരന്തജീവിതത്തിലേക്ക് വിരൽചൂണ്ടുന്നത്. ദീർഘനാളായി ഭർത്താവിൽ നിന്ന് ശാരീരികവും മാനസികവുമായ പീഡനം നേരിട്ടിരുന്നുവെന്നും ഇനി ആ ജീവിതവുമായി മുന്നോട്ടുപോകാൻ കഴിയാത്തതിനാലാണ് ജീവനൊടുക്കുന്നതെന്നും കുറിപ്പിൽ പറയുന്നു.

ആത്മഹത്യാക്കുറിപ്പിൽ അമ്മയ്ക്ക് എല്ലാ കാര്യങ്ങളും അറിയാമായിരുന്നുവെന്നും വിവാഹസമയത്ത് ലഭിച്ച സ്വർണം ഭർത്താവ് അതുലിന്റെ ആവശ്യങ്ങൾക്കായി നൽകിയിരുന്നുവെന്നും ആരതി രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി മറ്റൊരു വഴിയില്ലെന്ന തിരിച്ചറിവാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിപ്പിലുണ്ട്.

സംഭവത്തിൽ ഭർത്താവ് അതുലിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനവും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ അതുലിനെതിരെ പ്രാഥമിക തെളിവുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.

ആരതിയുടെ ശരീരത്തിൽ 13 മുറിവുകൾ കണ്ടെത്തിയതായും മർദനമേറ്റതിന്റെ വ്യക്തമായ അടയാളങ്ങൾ ഇൻക്വസ്റ്റ് നടപടികളിൽ രേഖപ്പെടുത്തിയതായും അന്വേഷണസംഘം വ്യക്തമാക്കി.

ഒന്നര വർഷം മുൻപാണ് ആരതിയും അതുലും വിവാഹിതരായത്. വർക്കലയിലെ വാടകവീട്ടിലായിരുന്നു ഇവരുടെ താമസം. വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ തന്നെ മകളെ ഭർത്താവ് നിരന്തരം ഉപദ്രവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നു. മർദനമേറ്റ ദൃശ്യങ്ങൾ ആരതി അമ്മയ്ക്ക് അയച്ചുനൽകിയിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.

വിവാഹസമയത്ത് നൽകിയ 50 പവൻ സ്വർണം അതുൽ വിവിധ ഘട്ടങ്ങളിലായി പണയംവെക്കുകയും പിന്നീട് ഏകദേശം എട്ട് ലക്ഷം രൂപയ്ക്ക് വിറ്റ് കാർ വാങ്ങുകയും ചെയ്തതായി കുടുംബം ആരോപിക്കുന്നു. ഇതിനെച്ചൊല്ലിയുള്ള തർക്കങ്ങൾക്കു ശേഷവും പണം ആവശ്യപ്പെട്ട് ആരതിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായും കുടുംബം ആരോപിച്ചു.

ആരതിയുടെ മരണത്തിന് പിന്നിലെ സാഹചര്യങ്ങൾ വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow