ഓപ്പറേഷൻ തൂഫാൻ: എം.കെ.എസ്.ജി.എച്ച്.എസ്.എസ് മടിക്കൈയിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
മടിക്കൈ: ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണം ശക്തിപ്പെടുത്തുന്നതിനായി കേരള സർക്കാർ നടപ്പാക്കുന്ന 'ഓപ്പറേഷൻ തൂഫാൻ' പദ്ധതിയുടെ ഭാഗമായി എം.കെ.എസ്.ജി.എച്ച്.എസ്.എസ് മടിക്കൈയിൽ വിവിധ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.
വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടിയിൽ പോസ്റ്റർ രചന, നൃത്തശിൽപം, ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ്, പ്രസംഗം എന്നിവ നടന്നു. കൂടാതെ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ചങ്ങല തീർക്കുകയും ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കുകയും ചെയ്തു. ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് വ്യക്തമായ അവബോധം വിദ്യാർത്ഥികളിൽ വളർത്തുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പരിപാടികൾ.
പി.ടി.എ പ്രസിഡന്റ് ടി. രാജൻ അധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് സീനിയർ സിവിൽ പോലീസ് ഓഫീസർ സുനിൽ കുമാർ, എ.എസ്.ഐ ഷീന ചിറകുണ്ടിൽ എന്നിവർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി. സിവിൽ പോലീസ് ഓഫീസർമാരായ സന്ധ്യ, സീതലക്ഷ്മി, ഹെഡ്മിസ്ട്രസ് പ്രീത കെ. എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബോധവൽക്കരണ ക്ലാസ് വിദ്യാർത്ഥികൾക്ക് ഏറെ പ്രചോദനവും അറിവും പകർന്നു. പി.ടി.എ അംഗങ്ങളും അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുചേർന്ന് ലഹരിക്കെതിരെ ശക്തമായ സന്ദേശമാണ് സമൂഹത്തിന് നൽകിയത്. ലഹരി വിരുദ്ധ ബോധം സമൂഹത്തിൽ വളർത്തുന്നതിനുള്ള മാതൃകാപരമായ പരിപാടിയായാണ് ഇത് ശ്രദ്ധേയമായത്.
What's Your Reaction?