കാഞ്ഞങ്ങാട് ആർട്ട് ഫോറം 21-ാം വർഷത്തിലേക്ക്

Jan 19, 2026 - 09:48
 0
കാഞ്ഞങ്ങാട് ആർട്ട് ഫോറം 21-ാം വർഷത്തിലേക്ക്

​കാഞ്ഞങ്ങാട്: സാംസ്കാരിക കൂട്ടായ്മയിലൂടെ കാഞ്ഞങ്ങാടിന്റെ കലാരംഗത്ത് സജീവമായ കാഞ്ഞങ്ങാട് ആർട്ട് ഫോറം 21-ാം വർഷത്തിലേക്ക് പ്രവേശിച്ചു. സംഘടനയുടെ 2026 വർഷത്തെ പ്രതിമാസ പരിപാടികളുടെ ഉദ്ഘാടനവും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കുള്ള ആദരിക്കലും ആലാമിപ്പള്ളി രാജ് റെസിഡൻസിയിൽ നടന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും കൂടുതൽ അംഗങ്ങളുള്ള കലാസാംസ്കാരിക കൂട്ടായ്മയായ ആർട്ട് ഫോറം. വരാനിരിക്കുന്ന ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന വിപുലമായ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. സംസ്ഥാനതല സംഗീത മത്സരം, നാടകോത്സവം, നാടക ക്യാമ്പുകൾ, ദേശീയ ഫിലിം ഫെസ്റ്റിവൽ, നൃത്ത പരിപാടികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ​പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആർട്ട് ഫോറം അംഗങ്ങളായ ജനപ്രതിനിധികളെ ചടങ്ങിൽ ആദരിച്ചു. കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി വി രമേശൻ, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ മുഹമ്മദ് മുറിയനാവി, കൗൺസിലർമാരായ എം പ്രശാന്ത്, പി ഹുസൈൻ, അനിൽ വാഴുന്നോറടി, പി വി ചന്ദ്രൻ, എം. ബൽരാജ്, സൗമ്യ സുനിൽ, പി വി മണി, എൻ ഉണ്ണികൃഷ്ണൻ, ശ്രീരാമൻ അവിയിൽ, നീലേശ്വരം നഗരസഭ കൗൺസിലർ പി യു രാമകൃഷ്ണൻ എന്നിവർക്ക് മുതിർന്ന അഭിഭാഷകരായ സി കെ. ശ്രീധരൻ, എം സി ജോസ് എന്നിവർ ഉപഹാരങ്ങൾ നൽകി. ആർട്ട് ഫോറം പ്രസിഡന്റ് വി സുരേഷ് മോഹൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ചന്ദ്രൻ ആലാമിപ്പള്ളി സ്വാഗതവും ട്രഷറർ ബി സുരേന്ദ്രൻ നന്ദിയും പറഞ്ഞു. ചടങ്ങിന് ശേഷം പിന്നണി ഗായകൻ കെ കെ നിഷാദും മാനന്തവാടി രാഗ തരംഗ് ഓർക്കസ്ട്രയും അവതരിപ്പിച്ച സംഗീതനിശയും അരങ്ങേറി.

What's Your Reaction?

like

dislike

love

funny

angry

sad

wow