കാർഷിക ഗ്രാമമായ മടിക്കൈയ്ക്ക് അഭിമാനമായി കുട്ടിക്കർഷകൻ ആത്മജ്

ആഗസ്റ്റ് 17ന് രാവിലെ 10 മണിക്ക് മടിക്കൈ അമ്പലത്തുകരയിൽ നടക്കുന്ന ചടങ്ങിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ആത്മജിനെ ആദരിക്കും

Aug 15, 2026 - 13:35
Aug 16, 2026 - 13:58
 0
കാർഷിക ഗ്രാമമായ മടിക്കൈയ്ക്ക് അഭിമാനമായി കുട്ടിക്കർഷകൻ ആത്മജ്

മടിക്കൈ: 430 ചതുരശ്ര അടി മാത്രം വിസ്തീർണമുള്ള ടെറസ്. അവിടെ നിറയെ ഗ്രോബാഗുകൾ. പച്ചമുളക്, പയർ, പാവയ്ക്ക, ചീര, കോവയ്ക്ക തുടങ്ങി പലതരം പച്ചക്കറികൾ. ഓരോ ചെടിയെയും സ്വന്തം കൂട്ടുകാരെപ്പോലെ പരിചരിക്കുന്ന 12കാരൻ. മടിക്കൈ എം.കെ.എസ്. ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ ആത്മജ് എസ്. ആണ് കൃഷിയിലും പരീക്ഷണങ്ങളിലും വേറിട്ട കൗതുകവുമായി മുന്നേറുന്നത്.

അമ്പലത്തുകരയിൽ സുധൻ കെ.-യുടെയും ധൗമ്യ സുധൻ്റെയും മകനാണ് ആത്മജ്. സഹോദരി ആത്മ എസ്. ചെറുപ്പം മുതലേ കൃഷിയോട് താൽപര്യമുള്ള ആത്മജ് രണ്ടുവർഷം മുമ്പാണ് ടെറസിൽ ഗ്രോബാഗുകളിൽ കൃഷി ആരംഭിച്ചത്. കുടുംബത്തിൻ്റെയും അധ്യാപകരുടെയും പ്രോത്സാഹനമാണ് കൃഷിയോടുള്ള ഇഷ്ടം കൂടുതൽ വളർത്തിയത്.

സ്കൂൾ പഠനത്തിന് ശേഷമുള്ള ഒഴിവുസമയമാണ് ആത്മജ്യ കൃഷിക്കായി മാറ്റിവയ്ക്കുന്നത്. ചെടികൾക്ക് കൃത്യമായി വെള്ളമൊഴിക്കുക, വളപ്രയോഗം നടത്തുക, വിളവെടുക്കുക തുടങ്ങി കൃഷിയുടെ ഓരോ ഘട്ടത്തിലും സജീവമാണ്. ഒരു ചെടിയും നശിച്ചുപോകാതിരിക്കാൻ പ്രത്യേക ശ്രദ്ധയും നൽകുന്നു. തക്കാളി നന്നായി വളർത്തിയെടുക്കുന്നതിലും പ്രത്യേക താൽപ്പര്യമുണ്ട്.

പരിസ്ഥിതി ദിനത്തിൽ സ്കൂളിൽനിന്ന് ലഭിച്ച മൾബറി തൈയും ആത്മജ് ടെറസിൽ നട്ടുവളർത്തുന്നുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ റമ്പൂട്ടാൻ തൈയും നട്ടിട്ടുണ്ട്. വീട്ടിലെ അടുക്കള മാലിന്യം ഉപയോഗിച്ച് കമ്പോസ്റ്റ് നിർമ്മിച്ചതാണ് പച്ചക്കറികൾക്ക് വളം. ഈ ഉപയോഗശൂന്യമായ ഫ്രിഡ്ജ് പോലും ആത്മജ്യ പ്രയോജനപ്പെടുത്തുന്നു.

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേർന്ന് നടപ്പാക്കിയ സ്‌കോളർഷിപ്പ് പദ്ധതിയിലും ആത്മജ് ഞ സജീവമായി പങ്കെടുത്തു. സ്കൂളിലെ പച്ചക്കറി കൃഷിയിലും ജൈവ കമ്പോസ്റ്റ് നിർമ്മാണത്തിലും പങ്കാളിയായ ആത്മജ് അവിടെ വിളയിച്ച പച്ചക്കറികൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് കൈമാറുന്നതിലും പങ്കാളിയായി. വിഷരഹിതമായ പച്ചക്കറികൾ കുട്ടികളുടെ ഭക്ഷണത്തിലേക്ക് എത്തിക്കുന്നതിൻ്റെ സന്തോഷവും ഇതിലൂടെ ലഭിച്ചു.

കൃഷിയിൽ മാത്രം ഒതുങ്ങുന്നതല്ല ആത്മജിൻ്റെ കൗതുകങ്ങൾ. ഇലക്ട്രോണിക്സ് മേഖലയിലും പരീക്ഷണങ്ങൾ നടത്തുന്നു. എൽ.ഐ.ഡി. ബൾബ് നിർമ്മാണം, ബൾബം മോട്ടോറും ഉപയോഗിച്ച് വിവിധ ഉപകരണങ്ങൾ നിർമ്മിക്കൽ തുടങ്ങിയ കാര്യങ്ങളിൽ വലിയ താൽപ്പര്യമുണ്ട്. കൃഷിയുമായി ബന്ധപ്പെട്ട വീഡിയോകൾ കാണുകയും പുതിയ രീതികൾ വീട്ടിൽ പരീക്ഷിക്കുകയും ചെയ്യുന്നു.

മീൻ വളർത്തലിലും ആത്മജിന് പ്രത്യേക താൽപ്പര്യമുണ്ട്. വീട്ടിലെ മത്സ്യപരിപാലനത്തിലും സജീവമായി ഇടപെടുന്നു. പുതിയതായി എന്തെങ്കിലും ഉണ്ടാക്കുക, പരീക്ഷിക്കുക, കൃഷി ചെയ്യുക, മീൻ വളർത്തുക-ഇതൊക്കെയാണ് ആത്മജിൻ്റെ സന്തോഷം.

പഠനത്തിലും ആത്മജ് ശ്രദ്ധാലുവാണ്. സ്കൂളിൽ അധ്യാപകർ പഠിപ്പിക്കുന്ന കാര്യങ്ങൾ വീട്ടിലെത്തിയശേഷം അമ്മയുടെ സഹായത്തോടെ വീണ്ടും പഠിച്ച് ഉറപ്പാക്കും. പഠിപ്പിക്കുന്ന കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കണമെന്ന നിർബന്ധവും അവനുണ്ട്.

പഠനത്തിനും നല്ല കാര്യങ്ങൾക്കുമാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടതെന്ന് മാതാപിതാക്കളും ആത്മജിനെ ഓർമ്മിപ്പിക്കുന്നു. സൗഹൃദങ്ങൾ തിരഞ്ഞെടുക്കുന്നതിലും അനാവശ്യ കാര്യങ്ങളിൽ സമയം പാഴാക്കാതിരിക്കുന്നതിലും കുടുംബം ശ്രദ്ധിക്കുന്നു. അതേസമയം, പുതിയ കാര്യങ്ങൾ പഠിക്കാനും പരീക്ഷിക്കാനുമുള്ള ആത്മജിൻ്റെ താൽപര്യങ്ങൾക്ക് പരമാവധി പ്രോത്സാഹനവും നൽകുന്നു.

കൃഷിയിലൂടെ പ്രകൃതിയോട് ചേർന്ന്, പരീക്ഷണങ്ങളിലൂടെ പുതിയ ലോകം തേടുകയാണ് ആത്മജ്. ടെറസിലെ പച്ചപ്പിനൊപ്പം അവൻ്റെ സ്വപ്നങ്ങളുടെയും വളർച്ചയുടെ പച്ചനിറമാണ്.

കർഷകരുടെ അധ്വാനത്തിനും കാർഷിക മേഖലയിലെ മികവിനും ആദരമർപ്പിച്ച് മടിക്കൈ ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ, മടിക്കൈ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്നു. കർഷകദിനാചരണത്തിൽ ആത്മജിനെ ആദരിക്കും. ഓഗസ്റ്റ് 17ന് രാവിലെ 10ന് മടിക്കൈ അമ്പലത്തുകരയിൽ നടക്കുന്ന ചടങ്ങിൽ കാഞ്ഞങ്ങാട് എം.എൽ.എ. ഗോവിന്ദൻ പള്ളിക്കാപ്പിലാണ് ആത്മജിനെ ആദരിക്കുക.

കൃഷിയോടുള്ള ഇഷ്ടം ഒരു ഹോബിയായി മാത്രം കാണാതെ പ്രകൃതിയോടുള്ള ഉത്തരവാദിത്വമായി ഏറ്റെടുത്ത ആത്മജിൻ്റെ പ്രവർത്തനങ്ങൾ മടിക്കൈയിലെ മറ്റ് കുട്ടികൾക്കും പ്രചോദനമാകുകയാണ്. ടെറസിലെ ചെറിയ കൃഷിയിടത്തിൽ നിന്ന് വലിയ സ്വപ്നങ്ങളിലേക്കുള്ള യാത്രയിലാണ് ഈ കുട്ടിക്കർഷകൻ.

What's Your Reaction?

like

dislike

love

funny

angry

sad

wow