കിണറ്റിൽ വീണ വയോധികനെ ഫയർഫോഴ്സിന്റെ സമയോചിത ഇടപെടലിൽ രക്ഷിച്ചു
കാസർകോട്: ചെമ്മനാട് അണിഞ്ഞയിലെ വീട്ടുകിണറ്റിൽ വീണ 65-കാരനെ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തി. രാജമോഹൻ (65) ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ വീട്ടുവളപ്പിലെ 25 കോൽ താഴ്ചയും എട്ടുകോൽ വെള്ളവുമുള്ള കിണറ്റിലാണ് രാജമോഹൻ അബദ്ധത്തിൽ വീണത്. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും കിണറിന്റെ ആഴം കാരണം അദ്ദേഹത്തെ മുകളിലെത്തിക്കാൻ കഴിഞ്ഞില്ല.
തുടർന്ന് വിവരമറിഞ്ഞ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി. എം. സതീശന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി പ്രത്യേക രക്ഷാസന്നാഹങ്ങളുപയോഗിച്ച് രാജമോഹനെ സുരക്ഷിതമായി കരയ്ക്കെത്തിച്ചു. അപകടത്തിൽ അദ്ദേഹത്തിന് കാര്യമായ പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ടി. അമൽരാജ്, ജിതിൻ കൃഷ്ണൻ, ഇ. പ്രസീദ്, ഹോംഗാർഡുമാരായ എൻ. പി. രാകേഷ്, വി. വി. ഉണ്ണികൃഷ്ണൻ എന്നിവരും പങ്കെടുത്തു.
What's Your Reaction?