കുമ്പളയിൽ ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മുറി പൂർണമായും കത്തി നശിച്ചു

Jul 25, 2026 - 09:10
 0
കുമ്പളയിൽ ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ഒരു മുറി പൂർണമായും കത്തി നശിച്ചു

കുമ്പള: കുമ്പള മാട്ടംകുഴിയിലെ നിരവധി കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടുത്തമുണ്ടായി. ഒരു കുടുംബം താമസിച്ചിരുന്ന മുറി പൂർണമായും കത്തി നശിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. ഷോർണൂർ സ്വദേശിയായ കൃഷ്ണ താമസിച്ചിരുന്ന മുറിയിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക വിവരം. കൃഷ്ണ കഴിഞ്ഞ ദിവസം മുറി പൂട്ടി എറണാകുളത്തേക്ക് പോയിരുന്നതായി അറിയുന്നു.

സ്ഫോടനത്തെ തുടർന്ന് തീ ക്വാർട്ടേഴ്സിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരാൻ തുടങ്ങി. വലിയ ശബ്ദം കേട്ട് മറ്റ് മുറികളിലുണ്ടായിരുന്ന താമസക്കാർ പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

വിവരമറിഞ്ഞെത്തിയ കുമ്പള ഇൻസ്പെക്ടർ ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ പൊലീസ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കാസർകോട് നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘങ്ങളും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ക്വാർട്ടേഴ്സ് പരിസരത്തെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. അധികൃതർ വിച്ഛേദിച്ചു.

പത്തോളം മുറികളുള്ള ഓടിട്ട ക്വാർട്ടേഴ്സിലാണ് അപകടമുണ്ടായത്. മറ്റ് മുറികളിലുണ്ടായിരുന്നവരെ പൊലീസ് സുരക്ഷിതമായി ഒഴിപ്പിച്ചു. തീ മറ്റ് മുറികളിലേക്ക് പടരാതിരിക്കാൻ ഫയർഫോഴ്സ് നടപടി സ്വീകരിച്ചിട്ടുണ്ട്.

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിക്കാനുണ്ടായ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow