ക്ഷേത്രവാദ്യകല സംരക്ഷണം കാലത്തിന്റെ അനിവാര്യത: ഉപ്പിലിക്കൈ മേഖലാ കൺവെൻഷൻ
ഉപ്പിലിക്കൈ: കേരളത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ ഭാഗമായ ക്ഷേത്രവാദ്യകലകളുടെ സംരക്ഷണം കാലത്തിന്റെ അനിവാര്യതയാണെന്ന് പ്രശസ്ത സാഹിത്യനിരൂപകനും അധ്യാപകനുമായ ഡോ. പി. കൃഷ്ണദാസ് പറഞ്ഞു. കേരള ക്ഷേത്ര വാദ്യകലാ അക്കാദമി ഉപ്പിലിക്കൈ മേഖലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആഗസ്റ്റ് എട്ടിന് ഉപ്പിലിക്കൈ മാരാർ സമാജം ഹാളിൽ നടന്ന കൺവെൻഷനിൽ മേഖലാ രക്ഷാധികാരി കുണ്ടേന രാമചന്ദ്ര മാരാർ ദീപപ്രോജ്വലനം നടത്തി. വിജയൻ മണ്ഡലം, ശ്രീകാന്ത് മണ്ഡലം എന്നിവർ അവതരിപ്പിച്ച സോപാനസംഗീതത്തോടെയായിരുന്നു തുടക്കം.
മേഖലാ പ്രസിഡന്റ് ശിവശങ്കർ കക്കാട്ട് അധ്യക്ഷത വഹിച്ചു. ക്ഷേത്രവാദ്യകലകൾ കേരളത്തിന്റെ സാംസ്കാരിക സ്വത്വത്തിൽ വഹിക്കുന്ന മഹത്തായ സ്ഥാനവും കലാകാരന്മാരുടെ ജീവിത സാഹചര്യങ്ങളും ഡോ. പി. കൃഷ്ണദാസ് ഉദ്ഘാടന പ്രസംഗത്തിൽ വിശദീകരിച്ചു. പാരമ്പര്യകലകൾ കാലത്തിന്റെ ഒഴുക്കിൽ മാഞ്ഞുപോകാതെ സംരക്ഷിച്ച് അവയുടെ തനിമ വരുംതലമുറകളിലേക്ക് പകരാൻ കൂട്ടായ പ്രവർത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടകൻ ഡോ. പി. കൃഷ്ണദാസിനെ മേഖലാ രക്ഷാധികാരി ആദരിച്ചു. അക്കാദമി സംസ്ഥാന വൈസ് പ്രസിഡന്റ് രാജേഷ് കക്കാട്ട് മുഖ്യഭാഷണം നടത്തി. ക്ഷേത്രവാദ്യകലകളുടെ നിലനിൽപ്പിനും കലാകാരന്മാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നതിനും ശക്തമായ സംഘടനാ സംവിധാനം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ സെക്രട്ടറി രാജേഷ് തൃക്കണ്ണാട് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ‘രാജരാജേശ്വര കലാരത്നം’ നീലേശ്വരം സന്തോഷ് മാരാർ വിശിഷ്ടാതിഥിയായി. പൈതൃകകലകളുടെ സംരക്ഷണത്തിൽ കലാകാരന്മാരും സമൂഹവും വഹിക്കേണ്ട ഉത്തരവാദിത്വം അദ്ദേഹം ഓർമിപ്പിച്ചു.
കഴിഞ്ഞ കാലയളവിൽ അന്തരിച്ച വാദ്യകലാകാരന്മാരെയും കലാകാരന്മാരുടെ കുടുംബാംഗങ്ങളെയും വിവിധ രംഗങ്ങളിലെ പ്രമുഖരെയും അനുസ്മരിച്ച് കൺവെൻഷൻ അനുശോചനം രേഖപ്പെടുത്തി. മേഖലാ സെക്രട്ടറി ഹരീഷ് മടിക്കൈ അനുശോചന റിപ്പോർട്ടും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ട്രഷറർ മണികണ്ഠൻ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി ശിവശങ്കർ കക്കാട്ട് പ്രസിഡന്റും ഹരീഷ് മടിക്കൈ സെക്രട്ടറിയും ശ്രീരാജ് ഉപ്പിലിക്കൈ ട്രഷററുമായി ചുമതലയേറ്റു. കൺവെൻഷന്റെ ഭാഗമായി പ്രോഗ്രാം ഡയറിയും ‘വാദ്യകേരളം’ ത്രൈമാസികയും വിതരണം ചെയ്തു. മെമ്പർഷിപ്പ് പുതുക്കൽ പദ്ധതിക്കും തുടക്കം കുറിച്ചു.
ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത് മണ്ഡലം, ജിതേന്ദ്രകുമാർ പനയാൽ, ഗോകുൽദാസ് ഉപ്പിലിക്കൈ എന്നിവർ സംസാരിച്ചു. മുപ്പതോളം അംഗങ്ങൾ പങ്കെടുത്ത കൺവെൻഷൻ ക്ഷേത്രവാദ്യകലയുടെ സംരക്ഷണത്തിനും കലാകാരന്മാരുടെ ഐക്യത്തിനും പുതിയ ഉണർവ് നൽകി. മേഖലാ സെക്രട്ടറി ഹരീഷ് മടിക്കൈ സ്വാഗതവും ജോയിൻ സെക്രട്ടറി ജിതിൻരാജ് നന്ദിയും പറഞ്ഞു.
What's Your Reaction?