ചെറുവത്തൂരിൽ മലഞ്ചരക്ക് സ്ഥാപനത്തിൽ തീപിടിത്തം; വൻ ദുരന്തം ഒഴിവായി
ചെറുവത്തൂർ: ചെറുവത്തൂർ ടൗണിലെ കയ്യൂർ റോഡിന് സമീപമുള്ള ഐബി ട്രേഡേഴ്സ് മലഞ്ചരക്ക് സ്ഥാപനത്തിൽ വ്യാഴാഴ്ച രാവിലെ തീപിടിത്തമുണ്ടായി. സ്ഥാപനത്തിലെ കൊപ്ര ശേഖരത്തിലാണ് രാവിലെ ഏഴോടെ തീപിടിച്ചത്.
വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽ നിന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. സേനയുടെ സമയോചിതമായ ഇടപെടലിലൂടെ അരമണിക്കൂറിനകം തീ പൂർണമായും അണച്ചു. സമീപത്തെ കടകളിലേക്കും കെട്ടിടങ്ങളിലേക്കും തീ പടരുന്നത് തടയാനായതോടെ വൻ ദുരന്തം ഒഴിവായി.
മെട്ടമ്മൽ സ്വദേശി എം.ഇ. അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. സ്റ്റേഷൻ ഓഫീസർ കെ.വി. പ്രഭാകരന്റെ നേതൃത്വത്തിൽ സി. പ്രസാദ്, സിജോയ്, അക്ഷയ്, ജിത്തു എന്നിവരടങ്ങിയ ഫയർഫോഴ്സ് സംഘമാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.
What's Your Reaction?