ചെർക്കള ബേവിഞ്ചയിൽ 22 വീൽ ലോറി മറിഞ്ഞു; ഡ്രൈവറെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി

Jul 27, 2026 - 20:14
Jul 27, 2026 - 20:15
 0
ചെർക്കള ബേവിഞ്ചയിൽ 22 വീൽ ലോറി മറിഞ്ഞു; ഡ്രൈവറെ അഗ്നിരക്ഷാസേന സാഹസികമായി രക്ഷപ്പെടുത്തി

കാസർകോട്: ചെർക്കള ബേവിഞ്ചയിൽ നിയന്ത്രണംവിട്ട 22 വീൽ റെഡിമിക്സ് ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ ഡ്രൈവർ വാഹനത്തിനുള്ളിൽ കുടുങ്ങി. അഗ്നിരക്ഷാസേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് ലോറിയുടെ ക്യാബിൻ മുറിച്ചാണ് ഡ്രൈവറെ സാഹസികമായി പുറത്തെടുത്തത്.

തിങ്കളാഴ്ച വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം. തമിഴ്നാട് സ്വദേശിയായ സിദ്ദീഖ് (41) ആണ് ലോറി ഓടിച്ചിരുന്നത്. ഉടുപ്പിയിൽ നിന്ന് റെഡിമിക്സുമായി എത്തിയ ലോറിയാണ് അപകടത്തിൽപ്പെട്ടത്. ക്യാബിനിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്താൻ പോലീസിന്റെ വിവരത്തെ തുടർന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നു.

ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് വാഹനത്തിന്റെ ഭാഗങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് ഡ്രൈവറെ സുരക്ഷിതമായി പുറത്തെടുത്തത്. അപകടത്തിൽ സിദ്ദീഖിന് ഗുരുതര പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സുകുവിന്റെ നേതൃത്വത്തിൽ എസ്. അരുൺകുമാർ, മുഹമ്മദ് സിറാജുദ്ദീൻ, അതുൽ രവി, ഇ. പ്രസീത്, വി.കെ. ഷൈജു എന്നിവരും ഹോംഗാർഡുമാരായ രാജു, രാകേഷ്, ശ്രീജിത്ത് എന്നിവരും ചേർന്നാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow