നാലുപേരുടെ ഭർത്താവ്; അഞ്ചാം വിവാഹത്തിന് ഒരുങ്ങിയ(31)കാരൻ പിടിയിൽ.
വർക്കല: നാലു ഭാര്യമാരുള്ള യുവാവ് വീണ്ടുമൊരു യുവതിയുമായി ബന്ധം തുടങ്ങുന്നത് അറിഞ്ഞതോടെ വിവാഹ തട്ടിപ്പുകാരൻ പിടിയിലായി.
ചെറുന്നിയൂർ താന്നിമൂട് ഗുരു മന്ദിരത്തിന് സമീപം ലക്ഷംവീട്ടിൽ നിതീഷ് ബാബു(31)നെയാണ് വർക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ഒരേസമയം നാല് യുവതികളുടെ ഭർത്താവായി നടക്കവേ അഞ്ചാമതൊരു യുവതിയോടുള്ള ബന്ധം തുടങ്ങുന്നത് നഗരൂർ സ്വദേശിനിയായ നാലാം ഭാര്യ അറിഞ്ഞത് മുതലാണ് പ്രശ്നങ്ങൾക്ക് തുടക്കമായതും, സംഭവം പുറം ലോകം അറിയുന്നതും.
സംഭവത്തെക്കുറിച്ച് വർക്കല പോലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ വിവാഹ തട്ടിപ്പിൽ നിരവധി യുവതികൾ സമാനമായി ഇരയായിട്ടുണ്ടെന്നും, ഒരു വിവാഹവും നിയമപരമായി രജിസ്റ്റർ ചെയ്തിട്ടില്ല എന്നുള്ള വസ്തുതയും പോലീസ് മനസ്സിലാക്കിയത്.
തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയതോടെ തട്ടിപ്പിന് ഇരയായ യുവതികൾ പോലീസ് സ്റ്റേഷനിൽ എത്തി പണവും, സ്വർണ്ണവും നഷ്ടപ്പെട്ട വിവരം പോലീസിനെ അറിയിച്ചു.
20 പവനോളം സ്വർണാഭരണങ്ങളും എട്ടു ലക്ഷം രൂപയും കബളിപ്പിച്ചു കൈകലാക്കിയെന്ന് യുവതികൾ നൽകിയ പരാതിയിൽ പറയുന്നു.
രണ്ട് യുവതികളുടെ പരാതിയിലാണ് ഇപ്പോൾ വർക്കല പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതിക്കെതിരെ വിശ്വാസവഞ്ചന, ബലാൽസംഗം, ഗാർഹിക പീഡനം തുടങ്ങി നിരവധി ക്രിമിനൽ വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തു.
What's Your Reaction?