നെല്ലിക്കുന്ന് ബീച്ചിനെ ടൂറിസം ഭൂപടത്തിൽ ശ്രദ്ധേയമാക്കാൻ ‘കാസർകോട് ബീച്ച് റൺ’; സംഘാടകസമിതി രൂപീകരിച്ചു
കാസർകോട്: നെല്ലിക്കുന്ന് ബീച്ചിന്റെ പ്രകൃതി സൗന്ദര്യം കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കാനും ആഭ്യന്തര ടൂറിസത്തിന് പുതുജീവൻ നൽകാനും ലക്ഷ്യമിട്ട് ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി), കാസർകോട് നഗരസഭ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘കാസർകോട് ബീച്ച് റൺ’ സംഘടിപ്പിക്കുന്നു. മെയ് 24-ന് ഞായറാഴ്ച നടക്കുന്ന പരിപാടിയുടെ മുന്നോടിയായി സംഘാടകസമിതി രൂപീകരിച്ചു.
സംഘാടകസമിതി രൂപീകരണ യോഗം നഗരസഭ അധ്യക്ഷ ഷാഹിന സലീം ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ കെ എം ഹനീഫ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി പി ബി ഷാജു, ഇൻസ്പെക്ടർ കെ ടി വി രാജേഷ്, നഗരസഭ അംഗങ്ങളായ സമീന മുജീബ്, ഹമീദ് ബദിര, ജാഫർ കമാൽ എന്നിവർ സംസാരിച്ചു.
ഷാഹിന സലീം ചെയർമാനായും, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജെ കെ ജിജേഷ് കുമാർ കൺവീനറായും സംഘാടകസമിതി രൂപീകരിച്ചു.
ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബീച്ച് റൺ നെല്ലിക്കുന്ന് ലൈറ്റ് ഹൗസിൽ നിന്ന് ആരംഭിച്ച് കസബ ബീച്ച് റോഡ്, ഹാർബർ ഗേറ്റ്, പുലിമുട്ട്, നെല്ലിക്കുന്ന് ബീച്ച് എന്നിവ ഉൾപ്പെടുന്ന തീരദേശ പാതയിലൂടെ 6 കിലോമീറ്റർ പിന്നിട്ട് വീണ്ടും ലൈറ്റ് ഹൗസിൽ സമാപിക്കും.
റൺ വിജയകരമായി പൂർത്തിയാക്കുന്ന എല്ലാവർക്കും മെഡലുകൾ നൽകും. പങ്കെടുക്കുന്നവർക്ക് പ്രഭാതഭക്ഷണവും കുടിവെള്ള വിതരണ കേന്ദ്രങ്ങളും ഒരുക്കും. ആരോഗ്യവകുപ്പ്, പോലീസ്, ഫിഷറീസ്, ഹാർബർ എഞ്ചിനീയറിങ്, കുടുംബശ്രീ, ശുചിത്വ മിഷൻ, പിആർഡി തുടങ്ങിയ വിവിധ സർക്കാർ വകുപ്പുകളുടെ ഏകോപനത്തോടെയാണ് പരിപാടി നടക്കുക.
പരിപാടിക്ക് മുന്നോടിയായി മെയ് 22-ന് നെല്ലിക്കുന്ന് ബീച്ചിൽ വിപുലമായ ജനകീയ ശുചീകരണ പ്രവർത്തനവും സംഘടിപ്പിക്കും. ബീച്ച് റണ്ണിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഡിടിപിസി കാസർകോടിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ സൗജന്യമായി രജിസ്റ്റർ ചെയ്യാമെന്നും കൂടുതൽ വിവരങ്ങൾക്ക് 04994 25 64 50, 85471 62679 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്നും സംഘാടകർ അറിയിച്ചു.
What's Your Reaction?