പരപ്പയിൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സ്ഥലപരിശോധന
പുലിയങ്കുളത്തെ അഞ്ചേക്കർ റവന്യൂ ഭൂമി പരിഗണനയിൽ
പരപ്പ: കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്തിലെ പരപ്പ ആസ്ഥാനമായി കെഎസ്ആർടിസി ഡിപ്പോ സ്ഥാപിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി പരപ്പ വില്ലേജിലെ പുലിയങ്കുളത്ത് അധികൃതർ സ്ഥലപരിശോധന നടത്തി.
മലയോര മേഖലയിലെ പ്രധാന ഗതാഗത കേന്ദ്രമായ പരപ്പ വഴി മൈസൂരു, ബെംഗളൂരു ഉൾപ്പെടെയുള്ള അന്യസംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തിന്റെ വിവിധ തെക്കൻ ജില്ലകളിലേക്കും കെഎസ്ആർടിസി, സ്വകാര്യ ബസുകൾ സർവീസ് നടത്തുന്ന സാഹചര്യത്തിലാണ് ഡിപ്പോ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായത്.
പരപ്പ വില്ലേജിലെ സർവേ നമ്പർ 69/1-ൽ ഉൾപ്പെടുന്ന ഏകദേശം അഞ്ചേക്കർ റവന്യൂ ഭൂമിയിലാണ് ഡിപ്പോ സ്ഥാപിക്കാൻ നിർദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് മലയോര മേഖല പാസഞ്ചേഴ്സ് അസോസിയേഷനും കിനാനൂർ-കരിന്തളം ഗ്രാമപഞ്ചായത്ത് ഭരണസമിതിയും നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ കാഞ്ഞങ്ങാട് എംഎൽഎ ഗോവിന്ദൻ പള്ളിക്കാപ്പിൽ ജൂൺ 30-ന് ഗതാഗത മന്ത്രി സി.പി. ജോണിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിനെ തുടർന്നാണ് കെഎസ്ആർടിസി ഉദ്യോഗസ്ഥർ സ്ഥലപരിശോധന നടത്തിയത്.
കെഎസ്ആർടിസി അസിസ്റ്റന്റ് ട്രാൻസ്പോർട്ട് ഓഫീസർ കെ. സത്യനാഥൻ, സീനിയർ അസിസ്റ്റന്റ് കെ.വി. രാജീവൻ, ഇൻസ്പെക്ടർ ഉത്തമൻ പി.പി., ഫ്ലോർ അസിസ്റ്റന്റ് വി.പി. മനോജ് കുമാർ, പരപ്പ വില്ലേജ് ഓഫീസർ ബാബു പി.വി., എംഎൽഎയുടെ പ്രതിനിധി കെ. പത്മനാഭൻ മാസ്റ്റർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
കെഎസ്ആർടിസി ഉപദേശക സമിതി അംഗം മനോജ് തോമസ്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സജിത് കുമാർ, പഞ്ചായത്തംഗങ്ങളായ ടി.എൻ. ബാബു, സെറീന കെ.പി., ഓമന എം., നൗഷാദ് ബിരിക്കുളം, പൊതുപ്രവർത്തകരായ സി.വി. ഭാവനൻ, എൻ. പുഷ്പരാജൻ, എ.ആർ. രാജു, താജുദീൻ കെ.കെ., ഗംഗാധരൻ ടി., പ്രമോദ് വർണം, ടി.എ. രവി, മർച്ചന്റ് അസോസിയേഷൻ പരപ്പ യൂണിറ്റ് പ്രസിഡന്റ് വി. നാരായണൻ, ജി. വിഷ്ണു എന്നിവരും സ്ഥലപരിശോധനയിൽ പങ്കാളികളായി.
What's Your Reaction?