പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലുപേർ രക്ഷപ്പെട്ടു

Aug 11, 2026 - 17:53
 0
പാചകത്തിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലുപേർ രക്ഷപ്പെട്ടു

തൃക്കരിപ്പൂർ: ബീരിച്ചേരിയിൽ പാചകത്തിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് തീപിടിത്തം. വീട്ടുപകരണങ്ങൾ കത്തിനശിച്ചു. വീട്ടിലുണ്ടായിരുന്ന ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലുപേർ സമയോചിതമായി പുറത്തിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നോടെയാണ് ബീരിച്ചേരി കൂലേരിയിലെ കെ.പി. നിസാറിന്റെ രണ്ടുനില വീട്ടിൽ അപകടമുണ്ടായത്. പാചകം ചെയ്യുന്നതിനിടെ സിലിണ്ടറിൽനിന്ന് ഗ്യാസ് ചോരുന്നതായി ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ വീടിനുള്ളിൽ തീ പടർന്നു.

ഈ സമയം ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലുപേരാണ് വീട്ടിലുണ്ടായിരുന്നത്. സിലിണ്ടർ പൊട്ടിത്തെറിച്ചതോടെ കുഞ്ഞിനെ എടുത്ത് എല്ലാവരും പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി.

വിവരമറിഞ്ഞ് തൃക്കരിപ്പൂരിൽനിന്ന് അഗ്നിരക്ഷാസേന സ്ഥലത്തെത്തി. എന്നാൽ ഫയർഫോഴ്സ് വാഹനം വീട്ടിനടുത്തേക്ക് എത്താൻ സൗകര്യമില്ലാത്തതിനാൽ രക്ഷാപ്രവർത്തനം വൈകി. തുടർന്ന് ഏറെ പ്രയാസപ്പെട്ടാണ് തീയണക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

തീപിടിത്തത്തിൽ വീടിന്റെ അടുക്കള പൂർണമായും കത്തിനശിച്ചു. ഫ്രിഡ്ജ്, മിക്സി ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും അഗ്നിക്കിരയായി. രണ്ടുമണിക്കൂറോളം പരിശ്രമിച്ചാണ് അഗ്നിരക്ഷാസേന തീ പൂർണമായും നിയന്ത്രണവിധേയമാക്കിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow