പാഠപുസ്തകത്തിൽ നിന്ന് പാടത്തേക്ക്; അമ്പലത്തറ സ്കൂൾ എൻഎസ്എസ് വിദ്യാർത്ഥികളുടെ 'വയൽ വസന്തം'
അമ്പലത്തറ: പഠനത്തോടൊപ്പം കാർഷിക പഠനവും അനുഭവവേദ്യമാക്കുന്ന മാതൃകാപ്രവർത്തനവുമായി അമ്പലത്തറ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ. 'വയൽ വസന്തം, പാഠവും പഠനവും' പദ്ധതിയുടെ ഭാഗമായി ഗുരുപുരം ബാത്തൂർ പാടത്ത് അര ഏക്കർ സ്ഥലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ച് നടീൽ ഉത്സവം സംഘടിപ്പിച്ചു.
സ്കൂളിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള ബാത്തൂർ വയലിൽ പ്രദേശത്തെ കർഷകരോടൊപ്പം ചേർന്നാണ് വിദ്യാർത്ഥികൾ കൃഷിയിറക്കിയത്. 38 എൻഎസ്എസ് വിദ്യാർത്ഥികൾ ചെറു ഗ്രൂപ്പുകളായി തിരിഞ്ഞ് 120 ദിവസം നീളുന്ന നെൽകൃഷി മാറിമാറി പരിപാലിക്കും.
കൃഷിരീതികൾ നേരിട്ട് മനസ്സിലാക്കുക, കൃഷിയുടെ പ്രാധാന്യം സമൂഹത്തിലാകെ പ്രചരിപ്പിക്കുക, വിഷരഹിത ഭക്ഷ്യവിളകൾ സ്വയം ഉൽപാദിപ്പിക്കുന്നതിന്റെ മൂല്യം തിരിച്ചറിയുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ.
ഉത്സവാന്തരീക്ഷത്തിൽ നടന്ന നടീൽ ഉത്സവം മികച്ച കർഷകനും മുൻ എ.ഇ.ഒയുമായ പി.വി. ജയരാജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.ടി.എ പ്രസിഡന്റ് പി. ജയകുമാർ അധ്യക്ഷത വഹിച്ചു.
രാമകൃഷ്ണൻ ബാത്തൂർ, പാടശേഖര സമിതി പ്രസിഡന്റ് ബാബു പാടിയിൽ, വി. തമ്പാൻ നായർ, കെ. ചിരുതമ്മ, അധ്യാപകരായ വി.പി. സൗമ്യ, കെ.കെ. ഷിബിൻ, കെ.വി. പ്രിയേഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൃഷി വർക്കിംഗ് ഗ്രൂപ്പ് കൺവീനർ രാജേഷ് സ്‌കറിയ സ്വാഗതവും സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ കെ.വി. മൃദുല നന്ദിയും രേഖപ്പെടുത്തി.
What's Your Reaction?