പൂച്ചക്കാട്ടെ കവർച്ച; പ്രതി കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ. ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തി

May 24, 2026 - 05:05
 0
പൂച്ചക്കാട്ടെ കവർച്ച; പ്രതി കുടുങ്ങിയത് ശാസ്ത്രീയ അന്വേഷണത്തിൽ. ഒളിപ്പിച്ച സ്വർണ്ണം കണ്ടെത്തി

കാസർകോട്: ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ പള്ളിക്കര പൂച്ചക്കാട് അരയാൽതറയിൽ നടന്ന 45 പവൻ സ്വർണ മോഷണക്കേസിൽ തമിഴ്നാട് സ്വദേശിയായ പ്രതിയെ ബേക്കൽ പോലീസ് പിടികൂടി. നിരവധി മോഷണക്കേസുകളിൽ പ്രതിയായ കോയമ്പത്തൂർ മേട്ടുപ്പാളയം ആലംകൊമ്പ് സ്വദേശി രാജൻ എന്ന നടരാജൻ (61) ആണ് അറസ്റ്റിലായത്. മോഷണം പോയ മുഴുവൻ സ്വർണാഭരണങ്ങളും പോലീസ് തിരിച്ചുപിടിച്ചു.

മെയ് 9 രാവിലെ 6.30നും മെയ് 10 ഉച്ചയ്ക്ക് 12 മണിക്കും ഇടയിലാണ് നാടിനെ നടുക്കിയ മോഷണം അരങ്ങേറിയത്. പൂച്ചക്കാട് അരയാൽതറയിൽ താമസിക്കുന്ന ഹലീമയുടെ വീട്ടിന്റെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്. വീട്ടിൽ സൂക്ഷിച്ചിരുന്ന 45 പവൻ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.

സംഭവത്തെ തുടർന്ന് ഹലീമ നൽകിയ പരാതിയിൽ മെയ് 10ന് ബേക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബേക്കൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ശിവം ഐപിഎസിന്റെ നേതൃത്വത്തിലുള്ള സംഘം ശാസ്ത്രീയ അന്വേഷണവും നിരീക്ഷണങ്ങളും ശക്തമാക്കിയതോടെ കേസിൽ നിർണായക വഴിത്തിരിവുണ്ടായി.

ദിവസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ മെയ് 19ന് നടരാജനെ പോലീസ് അറസ്റ്റ് ചെയ്തു. മുമ്പും നിരവധി മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുള്ള പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനായി മെയ് 22ന് പോലീസ് കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്തു.

ചോദ്യം ചെയ്യലിനിടെയാണ് തൊണ്ടിമുതൽ ഒളിപ്പിച്ച സ്ഥലത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പ്രതി വെളിപ്പെടുത്തിയത്. തുടർന്ന് പ്രതിയുമായി ചേർന്ന് നടത്തിയ പരിശോധനയിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ നേതാജി റോഡിലുള്ള രഹസ്യകേന്ദ്രത്തിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തി. മാല, മോതിരം, വളകൾ ഉൾപ്പെടെയുള്ള മുഴുവൻ സ്വർണാഭരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു.

ഇൻസ്പെക്ടർ അനിൽകുമാർ, സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ കെ.വി, അഖിൽ സെബാസ്റ്റ്യൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ റോജൻ എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ തുടർനടപടികൾക്കായി വീണ്ടും കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow