പോലീസ് വാഹനം കണ്ടതോടെ രക്ഷപ്പെടാൻ ശ്രമം; മൊബൈൽ കവറിൽ എംഡിഎംഎ ഒളിപ്പിച്ച യുവാവ് അറസ്റ്റിൽ
കുമ്പള: രാത്രി പട്രോളിങ്ങിനിടെ പോലീസ് വാഹനം കണ്ടതോടെ ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച യുവാവിൽ നിന്ന് എംഡിഎംഎ പിടിച്ചെടുത്തു. നാരായണമംഗലം ചീരുമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ബിനീഷ് (29)യാണ് കുമ്പള പോലീസിന്റെ പിടിയിലായത്.
ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ നാരായണമംഗലം മയിൽകുറ്റി റോഡിന് സമീപം ബൈക്കിൽ ഇരിക്കുകയായിരുന്ന യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസ് വാഹനം തടഞ്ഞ് പരിശോധന നടത്തുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ ഇയാൾ നൽകിയ മറുപടികൾ പൊരുത്തക്കേടുള്ളതായതോടെ ദേഹപരിശോധന നടത്തി.
പരിശോധനയിൽ മൊബൈൽ ഫോൺ കവറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ 0.92 ഗ്രാം എംഡിഎംഎ കണ്ടെത്തി. പിടിച്ചെടുത്ത മയക്കുമരുന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്നതാണെന്ന് പ്രതി പോലീസിനോട് മൊഴി നൽകിയതായി അധികൃതർ അറിയിച്ചു.
സംസ്ഥാന വ്യാപക മയക്കുമരുന്ന് വിരുദ്ധ പരിശോധനയായ 'ഓപ്പറേഷൻ തൂഫാൻ'ന്റെ ഭാഗമായാണ് കുമ്പള പോലീസ് നടപടി സ്വീകരിച്ചത്. സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്തിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ ജയേഷ്, ജാബിർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
What's Your Reaction?