മർകസ് അലുംനി കോൺക്ലേവ് സമാപിച്ചു; കെ എം ബഷീർ മാധ്യമ അവാർഡ് സമർപ്പിച്ചു

Jun 15, 2026 - 20:27
 0
മർകസ് അലുംനി കോൺക്ലേവ് സമാപിച്ചു; കെ എം ബഷീർ മാധ്യമ അവാർഡ് സമർപ്പിച്ചു

കോഴിക്കോട്: മർകസ് നോളജ് സിറ്റിയിലെ വലൻഷ്യ ഗലേറിയ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച മർകസ് അലുംനി കോൺക്ലേവ് '26 സമാപിച്ചു. കെ.എം.ബഷീർ മാധ്യമ അവാർഡ് ഉൾപ്പെടെയുള്ള വിവിധ അവാർഡുകൾ സമ്മാനിച്ചു. മലയാള മനോരമ കണ്ണൂർ യൂണിറ്റ് ചീഫ് മുഹമ്മദ് അനീസിനു കെഎം ബഷീർ അവാർഡ്, എഴുത്തുകാരൻ സയ്യിദ് സലാഹുദ്ദീൻ ബുഖാരി കൂരിയാടിനു  ലിറ്റററി അവാർഡ്,  സാമൂഹിക പ്രവർത്തകൻ അഡ്വ. ഷമീറിനു സോഷ്യൽ എംപവർമെന്റ് അവാർഡ്, യുവ വ്യവസായി ജാഫർ ടിക്കു യങ് എന്റർപ്രണർ അവാർഡ് എന്നിവയാണ് സമ്മാനിച്ചത്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അവാർഡുകൾ സമ്മാനിച്ചു.  മർകസ് അലുംനിയുടെ പുതിയ കമ്മിറ്റി പ്രഖ്യാപനവും അദ്ദേഹം നിർവഹിച്ചു. മർകസ് അലുംനി പ്രസിഡന്റ് സി.പി. ഉബൈദുള്ള സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന കോൺക്ലേവ് കൃഷിമന്ത്രി അഡ്വ. ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. കാർഷിക മേഖലയിലും അനുബന്ധ സംരംഭങ്ങളിലും യുവജനങ്ങളുടെ പങ്കാളിത്തം വർധിപ്പിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ സമഗ്ര വികസനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വളർന്നുവരുന്ന യുവാക്കൾക്ക് നിർണായക പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകൻ  കെ.എഫ്. ജോർജ് അവാർഡ് ജേതാക്കളെ പരിചയപ്പെടുത്തി സംസാരിച്ചു.

മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി, അക്കാദമിക് ഡയറക്ടർ ഡോ. റോഷൻ നൂറാനി, അഡ്വ. സയ്യിദ് സുഹൈൽ നൂറാനി, ഫിനാൻസ് സെക്രട്ടറി ജൗഹർ എം, ഡോ. ഇബ്രാഹിം അഫ്സൽ സംസാരിച്ചു.

ചീഫ് കോർഡിനേറ്റർ അക്ബർ ബാദുഷ സഖാഫി സംഘടനയുടെ ഭാവി പദ്ധതികളും പ്രവർത്തന ലക്ഷ്യങ്ങളും ഉൾക്കൊള്ളുന്ന മിഷൻ മോഡ്യൂൾ അവതരിപ്പിച്ചു. അലൂംനി ജനറൽ സെക്രട്ടറി സി. സ്വാദിഖ് കൽപള്ളി സ്വാഗതവും സി. കെ മുഹമ്മദ്‌ ഇരിങ്ങണ്ണൂർ നന്ദിയും പറഞ്ഞു.

What's Your Reaction?

like

dislike

love

funny

angry

sad

wow