ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ജാഗ്രത വേണം; മുഖ്യമന്ത്രി വി.ഡി. സതീശൻ
തിരുവനന്തപുരം: രാജ്യവും ലോകവും കേരളവും നിർണായകമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. യുദ്ധം, അഭയാർഥി പ്രശ്നം, സാമ്പത്തിക പ്രതിസന്ധി, കാലാവസ്ഥാ വ്യതിയാനം, കാർഷിക പ്രതിസന്ധി തുടങ്ങിയ വെല്ലുവിളികൾക്കൊപ്പം ജനാധിപത്യ അവകാശങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യവുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾ, മുതിർന്ന പൗരന്മാർ, ന്യൂനപക്ഷങ്ങൾ, ട്രാൻസ്‌ജെൻഡർ വിഭാഗം തുടങ്ങി പ്രത്യേക പരിഗണനയും സംരക്ഷണവും ആവശ്യമുള്ള ജനവിഭാഗങ്ങൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. കുട്ടികളും യുവാക്കളും വിദ്യാഭ്യാസം മുതൽ തൊഴിലവസരങ്ങളുടെ കുറവ് വരെയുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യം എന്നത് ഒരേ ചിന്തയും ഒരേ വിശ്വാസവും അടിച്ചേൽപ്പിക്കുന്ന സംവിധാനമല്ല. തുറന്ന മനസും സഹിഷ്ണുതയും സംവാദവും തിരുത്തലും നവീകരണവുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനം. ജനാധിപത്യത്തെ കാത്തുസൂക്ഷിക്കുന്ന കാവൽക്കാരും പോരാളികളുമാകേണ്ടത് ഓരോ പൗരന്റെയും ഉത്തരവാദിത്വമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാത്മാഗാന്ധി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, ബാലഗംഗാധര തിലക്, ഗോപാലകൃഷ്ണ ഗോഖലെ തുടങ്ങി സ്വാതന്ത്ര്യസമര സേനാനികൾക്ക് അദ്ദേഹം ആദരാഞ്ജലി അർപ്പിച്ചു.
രാജ്യത്തിനും സംസ്ഥാനത്തിനും സാമ്പത്തിക വളർച്ചയും വികസനവും ആവശ്യമാണ്. തൊഴിലവസരങ്ങൾ സൃഷ്ടിക്കണം. കൃഷിയുൾപ്പെടെയുള്ള അടിസ്ഥാന മേഖലകൾ വികസിപ്പിക്കുകയും സംരക്ഷിക്കുകയും വേണം. കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വലിയ പ്രതിസന്ധിയെയും നേരിടണം. വികസനത്തിന്റെ ഗുണഫലങ്ങൾ എല്ലാവരിലേക്കും എത്തണമെന്നും സമ്പത്തിന്റെ നീതിപൂർവമായ വിതരണം ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്ഷേമപ്രവർത്തനങ്ങൾ ആരുടെയും ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണെന്നും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന ആവശ്യമുള്ള എല്ലാ വിഭാഗങ്ങൾക്കും സംരക്ഷണം ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവതലമുറയ്ക്ക് കേരളത്തിൽ തന്നെ പഠിച്ച് തൊഴിലെടുത്ത് അഭിമാനത്തോടെ സ്വന്തം കാലിൽ നിൽക്കാനുള്ള സാഹചര്യം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൊതുവിദ്യാഭ്യാസവും പൊതുജനാരോഗ്യവും മെച്ചപ്പെടുത്തുക, നാട്ടിൽ സമാധാനവും സുരക്ഷയും ഉറപ്പാക്കുക എന്നിവ സർക്കാരിന്റെ പ്രധാന മുൻഗണനകളാണെന്നും അതിനുള്ള നയങ്ങളും പദ്ധതികളും സർക്കാർ ആവിഷ്കരിക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതരത്വം, തുല്യത, അഭിപ്രായ സ്വാതന്ത്ര്യം, പ്രവർത്തന സ്വാതന്ത്ര്യം, ന്യൂനപക്ഷങ്ങൾക്കും പട്ടികജാതി–പട്ടികവർഗ വിഭാഗങ്ങൾക്കുമുള്ള പ്രത്യേക പരിഗണന തുടങ്ങിയ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യം രാജ്യത്തുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ഭരണഘടനയെയും അതിന്റെ അടിസ്ഥാന തത്വങ്ങളായ മതേതരത്വം, തുല്യത, സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യ അവകാശങ്ങൾ എന്നിവ സംരക്ഷിക്കാൻ ഓരോരുത്തരും ജാഗ്രതയോടെയും ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കണം എന്നും സ്വാതന്ത്ര്യദിന സന്ദേശത്തിൽ വി.ഡി. സതീശൻ ആഹ്വാനം ചെയ്തു.
What's Your Reaction?