മലബാറിൽ ബീഫ് വില ജൂലൈ 15 മുതൽ ഉയരും; കിലോയ്ക്ക് 60 രൂപ വരെ വർധന
കോഴിക്കോട്: മലബാർ മേഖലയിലെ ബീഫ് വില ജൂലൈ 15 മുതൽ വർധിപ്പിക്കാൻ തീരുമാനം. ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷന്റെ ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് പുതുക്കിയ വില നിലവിൽ കൊണ്ടുവരാൻ തീരുമാനിച്ചത്.
പുതിയ നിരക്കുപ്രകാരം എല്ലുള്ള ബീഫിന് കിലോയ്ക്ക് 400 രൂപയും എല്ലില്ലാത്ത ബീഫിന് 460 രൂപയുമാകും. ഇതുവരെ എല്ലുള്ള ബീഫിന് 340 രൂപയും എല്ലില്ലാത്തതിന് 360 രൂപയുമായിരുന്നു വില.
കേരളത്തിലും അയൽ സംസ്ഥാനങ്ങളിലുമായി കന്നുകാലികളുടെ വില ഗണ്യമായി ഉയർന്നതും മാംസവ്യാപാരവുമായി ബന്ധപ്പെട്ട ഉപോൽപ്പന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയുടെ വിപണിവില ഇടിഞ്ഞതുമാണ് വിലവർധനയ്ക്ക് കാരണമായി വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്.
മലബാറിന് പിന്നാലെ സംസ്ഥാനത്തെ മറ്റ് ജില്ലകളിലും വിപണി സാഹചര്യങ്ങൾ വിലയിരുത്തി വില കൂട്ടാൻ സാധ്യതയുണ്ടെന്നും അസോസിയേഷൻ അറിയിച്ചു. നിലവിൽ തെക്കൻ കേരളത്തിലെ പല ഭാഗങ്ങളിലും ബീഫ് കിലോയ്ക്ക് 520 മുതൽ 600 രൂപ വരെ വിലയ്ക്ക് വിൽക്കുന്നുണ്ട്.
What's Your Reaction?