‘മാഷ് ഓർമ്മ’ സ്മരണിക ആഗസ്റ്റ് അവസാനം; കവർ പ്രകാശനം 14ന്
കാഞ്ഞങ്ങാട്: മുസ്ലിം ലീഗ് നേതാവ്, എഴുത്തുകാരൻ, മത-വിദ്യാഭ്യാസ-സാംസ്കാരിക പ്രവർത്തകൻ, പ്രഭാഷകൻ, വിവർത്തകൻ, ജനപ്രതിനിധി, മാധ്യമപ്രവർത്തകൻ തുടങ്ങി വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പി. മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ ഓർമ്മയ്ക്കായി തയ്യാറാക്കിയ ‘മാഷ് ഓർമ്മ’ സ്മരണിക ആഗസ്റ്റ് അവസാനം പ്രകാശനം ചെയ്യും. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയും കേരള വ്യവസായ വകുപ്പ് മന്ത്രിയുമായ പി. കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം നിർവഹിക്കും.
സ്മരണികയുടെ കവർ പ്രകാശനം ആഗസ്റ്റ് 14ന് രാത്രി എട്ടിന് അതിഞ്ഞാലിലെ പി. മുഹമ്മദ് കുഞ്ഞി സ്മാരക മന്ദിരത്തിൽ നടക്കും. മന്ത്രി കെ. എം. ഷാജി കവർ പ്രകാശനം നിർവഹിക്കും. തിരുവനന്തപുരത്തെത്തി ചീഫ് എഡിറ്റർ ടി. മുഹമ്മദ് അസ്ലമും കൺവീനർ ഖാലിദ് അറബിക്കാടത്തും മന്ത്രിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചു.
മുസ്ലിം ലീഗിന്റെ സമുന്നത നേതാക്കളുടെയും വിവിധ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിൽ പ്രവർത്തിക്കുന്നവരുടെയും മാധ്യമപ്രവർത്തകരുടെയും ഓർമ്മക്കുറിപ്പുകൾ സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അജാനൂർ പഞ്ചായത്ത് മുസ്ലിം ലീഗിന്റെ സമഗ്ര ചരിത്രവും സോവിയറ്റ് റഷ്യയിൽ നിന്ന് ഇന്ത്യയിലെത്തി അതിഞ്ഞാലിൽ അന്ത്യവിശ്രമം കൊള്ളുന്ന ഉമർ സമർഖന്തിന്റെയും മഖാമിന്റെയും ചരിത്രരേഖകളും പ്രസിദ്ധീകരിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, എം.പിമാർ, എം.എൽ.എമാർ തുടങ്ങിയവരുടെ ആശംസാ സന്ദേശങ്ങളും മാഷുമായി ബന്ധപ്പെട്ട നൂറിലേറെ ചിത്രങ്ങളും സ്മരണികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കവർ പ്രകാശന ചടങ്ങിൽ കാസർകോട് എം.പിയും ജില്ലയിലെ എം.എൽ.എമാരും പങ്കെടുക്കും.
ചടങ്ങ് ചരിത്രസംഭവമാക്കുന്നതിനുള്ള ഒരുക്കങ്ങൾ അജാനൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെയും സ്മരണിക സമിതിയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
അജാനൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് അംഗം ഖാലിദ് അറബിക്കാടത്ത് ഏർപ്പെടുത്തിയ കൂർമ്മൽ എഴുത്തച്ഛൻ പുരസ്കാരം പൊതുപ്രവർത്തക സി. കുഞ്ഞാമിനയ്ക്ക് കവർ പ്രകാശന ചടങ്ങിൽ മന്ത്രി കെ. എം. ഷാജി സമ്മാനിക്കും.
What's Your Reaction?