ലോറിയിൽ നിന്ന് ബാറ്ററി മോഷണം; സംഘത്തിലെ ഒരാൾ അറസ്റ്റിൽ
കുമ്പള: ഗ്യാരേജുകളിലും റോഡരികിലും പാർക്ക് ചെയ്തിരുന്ന ലോറികളിൽ നിന്ന് ബാറ്ററികൾ മോഷ്ടിച്ച സംഘത്തിലെ ഒരാളെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു. ആലമ്പാടി തൈവളപ്പിലെ ഷമീർ (50) ആണ് പിടിയിലായത്.
പെർവാഡിലെ ഗ്യാരേജിൽ നിർത്തിയിട്ടിരുന്ന മൂന്ന് ലോറികളിൽ നിന്ന് ബാറ്ററികൾ മോഷണം പോയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. പിന്നാലെ സീതാംഗോളി, നായിക്കാപ്പ്, നാരായണമംഗലം, ഭാസ്കർ നഗർ എന്നിവിടങ്ങളിലായി റോഡരികിൽ പാർക്ക് ചെയ്ത ലോറികളിൽ നിന്നുമുള്ള ബാറ്ററി മോഷണ പരാതികളും പോലീസിന് ലഭിച്ചു. നാരായണമംഗലത്ത് മാത്രം മൂന്ന് ലോറികളിലെ ബാറ്ററികളാണ് സംഘം കവർന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ മോഷണസംഘം ചുവന്ന സ്വിഫ്റ്റ് കാറിലെത്തിയാണ് കൃത്യങ്ങൾ നടത്തുന്നതെന്ന് പോലീസ് കണ്ടെത്തി. എസ്.പി.യുടെ നിർദേശപ്രകാരം കുമ്പള സി.ഐ. ബൈജു കെ. ജോസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ പി.ടി. ഷമീർ, അനന്തകൃഷ്ണ മേനോൻ, സിവിൽ പോലീസ് ഓഫീസർ പ്രജീഷ് എന്നിവർ ചേർന്ന് വെള്ളിയാഴ്ച വൈകിട്ട് ചെർക്കളയിൽ നടത്തിയ റെയ്ഡിലാണ് ഷമീർ അറസ്റ്റിലായത്.
കേസിലെ മറ്റ് പ്രതികളായ ചെർക്കള സ്വദേശികളായ മജീദ്, ഫവാസ്, കൊലക്കേസ് പ്രതിയായ ഫാറൂഖ് എന്നിവർക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
What's Your Reaction?