വാടകക്കാരന്റെ വേഷത്തിൽ കവർച്ച; ആലപ്പുഴയിൽ കാസർകോട് സ്വദേശി അറസ്റ്റിൽ
ആലപ്പുഴ: വീട് വാടകയ്ക്ക് എടുക്കാനെന്ന വ്യാജേന വീട്ടിലെത്തി വീട്ടുടമയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് 15 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിൽ കാസർകോട് സ്വദേശിയായ രാജ് മോഹനെ ആലപ്പുഴ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് പിന്നാലെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിന്റെ ഭാഗമായി ടവർ ലൊക്കേഷൻ ഉൾപ്പെടെയുള്ള സാങ്കേതിക തെളിവുകൾ പരിശോധിച്ച പൊലീസ് മൂന്ന് മണിക്കൂറിനകം പ്രതിയെ പിടികൂടി.
ആലപ്പുഴ കൈതവന കണിയാംകുളം സ്വദേശിയായ സുദർശന്റെ വീട്ടിലാണ് തിങ്കളാഴ്ച ഉച്ചയോടെ സംഭവം നടന്നത്. വീടിന്റെ മുകളിലത്തെ നില വാടകയ്ക്ക് നൽകുന്നതിനായി സുദർശൻ നൽകിയ പത്രപരസ്യം കണ്ടാണ് രാജ് മോഹൻ വീട്ടിലെത്തിയതെന്ന് പൊലീസ് അറിയിച്ചു.
വാടക സംബന്ധിച്ച് സംസാരിക്കുന്നതിനിടെ രാജ് മോഹൻ പെട്ടെന്ന് സുദർശന്റെ കണ്ണിലേക്ക് മുളകുപൊടി എറിയുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ സുദർശന്റെ ഭാര്യയുടെ വായിൽ തുണി തിരുകിവച്ച് ഇരുവരെയും പ്രതിരോധശേഷിയില്ലാത്തവരാക്കിയ ശേഷം വീട്ടിലുണ്ടായിരുന്ന 15 പവൻ സ്വർണാഭരണങ്ങൾ കവർന്ന് ഇയാൾ രക്ഷപ്പെട്ടു.
പരാതി ലഭിച്ചതിനെ തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് നടത്തിയ അതിവേഗ അന്വേഷണത്തിലാണ് പ്രതിയെ മണിക്കൂറുകൾക്കകം കസ്റ്റഡിയിലെടുത്തത്. സമാനരീതിയിലുള്ള നിരവധി കവർച്ചക്കേസുകളിൽ രാജ് മോഹൻ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.
What's Your Reaction?