വേണു അത്തിക്കോത്തിന്റെ മരണം; മൃതദേഹം നാട്ടിലെത്തിച്ചതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി പരാതി

Apr 24, 2026 - 10:42
 0
വേണു അത്തിക്കോത്തിന്റെ മരണം; മൃതദേഹം നാട്ടിലെത്തിച്ചതിൽ രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നതായി പരാതി

ഷാർജ: കാഞ്ഞങ്ങാട് സ്വദേശി വേണു അത്തിക്കോത്തിന്റെ മൃതദേഹം നാട്ടിലെത്തിച്ചതിനെ ചുറ്റിപ്പറ്റി രാഷ്ട്രീയ മുതലെടുപ്പ് നടക്കുന്നുവെന്നാരോപണം. പ്രവാസി സംഘടനകളും സുഹൃത്തുക്കളും നാട്ടുകാരും ചേർന്നുള്ള കൂട്ടായ പരിശ്രമത്തെ ചിലർ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുന്നുവെന്നാണ് ആക്ഷേപം.

ഷാർജയിൽ ചികിത്സയിലിരിക്കെ അന്തരിച്ച വേണുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ ആദ്യം മുതൽ തന്നെ പ്രവാസി സംഘടനകൾ സജീവമായി രംഗത്തുണ്ടായിരുന്നു. ചികിത്സാചെലവിന്റെ ഭാഗമായി ആശുപത്രിയിൽ വലിയ തുക കുടിശ്ശികയായതോടെ മൃതദേഹം വിട്ടുകിട്ടുന്നതിൽ നിയമതടസ്സങ്ങൾ നേരിട്ടിരുന്നു. തുടർന്ന് ഇന്ത്യൻ എംബസി, സാമൂഹിക പ്രവർത്തകർ എന്നിവരുടെ ഇടപെടലുകൾക്കൊപ്പം സാദിഖലി തങ്ങൾ ഇടപെട്ട് ബില്ലിൽ ഇളവ് ലഭ്യമാക്കിയതായും അറിയുന്നു. ശേഷിച്ച തുക വിവിധ പ്രവാസി സംഘടനകൾ ചേർന്ന് സമാഹരിച്ചാണ് നാട്ടിലെത്തിക്കൽ നടപടികൾ പൂർത്തിയാക്കിയത്.

എന്നാൽ, വിഷയത്തിൽ തന്റെ ഇടപെടലാണ് നിർണായകമായതെന്നും കാര്യങ്ങൾ വേഗത്തിലായതെന്നും ആരോപിച്ച് ഒരു വനിതാ ജനപ്രതിനിധി സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയതാണ് വിവാദത്തിന് ഇടയായത്. ഇത് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും പ്രവാസി പ്രവർത്തകരുടെ സേവനത്തെ അപമാനിക്കുന്നതുമാണെന്ന് സംഘടനകൾ ആരോപിക്കുന്നു.

തങ്ങളുടെ തിരക്കുകൾക്കിടയിലും നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പ്രവാസികളുടെ ആത്മവിശ്വാസത്തെ ഇത്തരം രാഷ്ട്രീയ ഇടപെടലുകൾ ബാധിക്കുന്നുവെന്നും പ്രവാസി സമൂഹം മുന്നറിയിപ്പ് നൽകി. ഇത്തരം പ്രവണതകൾ കാരുണ്യ പ്രവർത്തനങ്ങളിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി. ജനപ്രതിനിധികൾ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിഞ്ഞ് പ്രവാസി കൂട്ടായ്മകളുടെ ഐക്യം സംരക്ഷിക്കണമെന്നുമാണ് ആവശ്യം.

What's Your Reaction?

like

dislike

love

funny

angry

sad

wow