സമസ്ത നൂറാം വാർഷികം; വിളംബര സമ്മേളനം ഇന്ന് വൈകുന്നേരം കോട്ടക്കലിൽ
മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികാഘോഷങ്ങളുടെ വിളംബര സമ്മേളനം ഇന്ന് വൈകുന്നേരം നാലുമണിക്ക് കോട്ടക്കൽ ബഹ്റുൽ ഉലൂം നഗരിയിൽ നടക്കും. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ സമാപന സമ്മേളന പ്രഖ്യാപനം നടത്തും. സമസ്തയുടെ 100 പ്രകാശവർഷങ്ങളെ അടയാളപ്പെടുത്തുന്ന വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. 2023 ഡിസംബർ 30ന് കാസർകോട് വെച്ചായിരുന്നു ആഘോഷങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 2024-ൽ സംഘടിപ്പിച്ച എസ് വൈ എസ് യുവജന സമ്മേളനവും, അനുബന്ധ പരിപാടികളും വിജയമായിരുന്നു. 2025-ൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച കേരളയാത്ര ഉൾപ്പെടെയുള്ള കർമ്മ പദ്ധതികളും വലിയ ജനശ്രദ്ധ നേടി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും കാൽ ലത്തിലധികം പ്രവർത്തകരും സമ്മേളനത്തിന് എത്തും. സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർത്ഥനയോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഈ സുലൈമാൻ മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. കെ എസ് ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദർ മുസ്ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി, പേരോട് അബ്ദുറഹ്മാൻ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോക്ടർ മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരി, അബ്ദുല്ല അഹ്സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽ ജലീൽ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂർ തുടങ്ങിയവർ പ്രസംഗിക്കും.
What's Your Reaction?