76ാം റിപ്പബ്ലിക് ദിനം; കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ഗവർണറുടെ ആശംസാ സന്ദേശം.

Jan 26, 2025 - 10:44
 0
76ാം റിപ്പബ്ലിക് ദിനം; കേരളത്തെയും മുഖ്യമന്ത്രിയെയും അഭിനന്ദിച്ച് ഗവർണറുടെ ആശംസാ സന്ദേശം.

76ാം റിപ്പബ്ലിക് ദിനം ആഘോഷിച്ച് രാജ്യം. കേരളത്തിൽ എല്ലാ ജില്ലകളിലും റിപ്പബ്ലിക് ദിനം ആഘോഷങ്ങൾ നടന്നു. സംസ്ഥാനത്ത് 76-ാമത് റിപ്പബ്ലിക് ദിന ആഘോഷങ്ങളുടെ ഭാഗമായി സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ദേശീയ പതാക ഉയർത്തി. രാവിലെ 9 മണിക്ക് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്തു. മന്ത്രിമാരായ ജിആർ അനിൽ, വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, എഎ റഹീം തുടങ്ങിയ ജനപ്രതിനിധികളും ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി, തിരുവനന്തപുരം ജില്ലാ കളക്ടർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ കരസേനയുടെ കമാൻഡർ മേജർ ജെ അജന്തറാണ് പരേഡ് നയിച്ചത്. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരൂഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെ അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുൻ വർഷങ്ങളിലേതുപോലെ ഭാരതീയ വായു സേന ഹെലികോപ്റ്ററിൽ പുഷ്പവൃഷ്ടി നടത്തി. സെൻട്രൽ സ്റ്റേഡിയത്തിന് പുറമേ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും വിപുലമായ ആഘോഷ പരിപാടികൾ നടന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള കർണാടക സ്റ്റേറ്റ് റിസർവ് പോലീസും പരേഡിൽ അണിനിരന്നു.

ഹൃദയത്തിൽ നിന്ന് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും റിപ്പബ്ലിക് ദിന ആശംസകൾ നേരുന്നു എന്ന് ഗവർണർ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു. കേരളം സമ്പൂർണ്ണ സാക്ഷരതയുള്ള സംസ്ഥാനമാണെന്നും എല്ലാ രംഗത്തും മികവുപുലർത്തിയ സംസ്ഥാനമാണെന്നും അതിൽ അഭിമാനിക്കുന്നു എന്നും ഗവർണർ പറഞ്ഞു. പത്മ പുരസ്കാരങ്ങൾ നേടിയ കേരളത്തിന്‍റെ അഭിമാനമായ വ്യക്തിത്വങ്ങളെ വേദിയിൽ വച്ച് ഗവർണർ അഭിനന്ദിച്ചു. കേരളം ഒന്നിനും പിറകിലല്ലെന്നും വികസിത കേരളം ഇല്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല എന്നും ഗവർണർ കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രിയുമായി ഇക്കാര്യം കഴിഞ്ഞ ദിവസം സംസാരിച്ചു. മുഖ്യമന്ത്രിക്ക് അക്കാര്യം ബോധ്യപ്പെട്ടു. കേരളം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. നമുക്ക് ഇനിയും മുന്നോട്ട് പോകാനുണ്ടെന്ന്. മുഖ്യമന്ത്രിക്ക് കേരളത്തിനെ പറ്റി ചിന്തയുണ്ട്. കേരള വികസനത്തെ പറ്റി അദ്ദേഹത്തിന് പദ്ധതികളുണ്ടെന്നും പ്രതിപക്ഷവും ഭരണപക്ഷവും ഒരുമിച്ച് ഇരുന്ന് വികസനത്തെ പറ്റി ചർച്ച ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ഗവർണറുടെ ആശംസാ പ്രസംഗത്തിനിടെ കമ്മീഷ്ണർ തോംസൺ ജോസ് കുഴഞ്ഞ് വീണു.

What's Your Reaction?

like

dislike

love

funny

angry

sad

wow