പിറന്നാൾ ദിനം മറന്ന ടീച്ചർക്ക് വിദ്യാർഥികളുടെ സ്നേഹസമ്മാനം; കണ്ണുനിറച്ച് സർപ്രൈസ് ആഘോഷം
നീലേശ്വരം: സ്വന്തം പിറന്നാൾ ദിനം പോലും മറന്നുപോയ അധ്യാപികയെ സ്നേഹംകൊണ്ട് അമ്പരപ്പിച്ച് വിദ്യാർഥികൾ. ഉപ്പിലക്കൈ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ യുപി വിഭാഗം അധ്യാപിക രജിത ടീച്ചർക്കാണ് വിദ്യാർഥികൾ ഹൃദയം തൊടുന്ന പിറന്നാൾ സമ്മാനം ഒരുക്കിയത്. കുട്ടികളുടെ അപ്രതീക്ഷിത സ്നേഹപ്രകടനത്തിൽ ടീച്ചറുടെ കണ്ണുകൾ നിറഞ്ഞു.ടീച്ചറുടെ പിറന്നാൾ ദിനം നേരത്തേ ചോദിച്ചറിഞ്ഞ ആറാം ക്ലാസ് എ -യിലെ വിദ്യാർഥികളാണ് രഹസ്യമായി ആഘോഷം ആസൂത്രണം ചെയ്തത്. പിന്നീട് മറ്റു ക്ലാസുകളിലെ കുട്ടികളും ഒപ്പം ചേർന്നു. ഓരോരുത്തരും സ്വന്തം കൈകൊണ്ട് തയ്യാറാക്കിയ ആശംസാ കാർഡുകളുമായാണ് ടീച്ചറെ ഞെട്ടിച്ചത്.
ഒക്ടോബർ 30ന് പതിവുപോലെ സ്കൂളിലെത്തിയ രജിത ടീച്ചറെ കാത്തിരുന്നത് അപ്രതീക്ഷിത പിറന്നാൾ ആഘോഷമായിരുന്നു. സ്കൂളിലെ ചട്ടപ്രകാരം കേക്ക് മുറിക്കാൻ അനുമതിയില്ലാത്തതിനാൽ പകരം ബിസ്കറ്റ് വിതരണം ചെയ്താണ് കുട്ടികൾ മധുരം പങ്കിട്ടത്.
കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹസമ്മാനത്തിനു മുന്നിൽ ടീച്ചർ വികാരാധീനയായി. കുട്ടികളെ അമ്മയുടെ വാത്സല്യത്തോടെ ചേർത്തുപിടിക്കുന്ന അധ്യാപികയോടുള്ള സ്നേഹത്തിന്റെയും ആദരവിന്റെയും പ്രകടനമായി മാറി ഈ സർപ്രൈസ് ആഘോഷം.
നീലേശ്വരം പട്ടേനയിലെ വിമുക്തഭടൻ കോറോത്ത് രാജേന്ദ്രകുമാറിന്റെ ഭാര്യയാണ് രജിത ടീച്ചർ. ബംഗളൂരുവിൽ ഐ.ടി. ഉദ്യോഗസ്ഥനായ ആദർശ്, പടന്നക്കാട് നെഹ്റു കോളേജിലെ ബിരുദ വിദ്യാർഥി അതുൽ എന്നിവർ മക്കളാണ്.
What's Your Reaction?