മടിക്കൈ കേരളോത്സവം: അഴിക്കോടൻ ചാളക്കടവിന് ഓവറോൾ കിരീടം
മടിക്കൈ: ആവേശകരമായി നടന്ന മടിക്കൈ ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിൽ 501 പോയിൻ്റുകൾ നേടി അഴിക്കോടൻ ചാളക്കടവ് ഓവറോൾ ചാമ്പ്യന്മാരായി. 170 പോയിൻ്റുകളോടെ റെഡ് സ്റ്റാർ മുണ്ടോട്ട് രണ്ടാം സ്ഥാനവും 133 പോയിൻ്റുകളോടെ എ.വി. കുഞ്ഞമ്പു സ്മാരക ആലമ്പാടി മൂന്നാം സ്ഥാനവും നേടി.
ഒക്ടോബർ 21 മുതൽ നവംബർ 1 വരെ പഞ്ചായത്തിലെ വിവിധ വേദികളിൽ കേരളോത്സവം സംഘടിപ്പിച്ചു. ഒക്ടോബർ 21-ന് യുവധാര ചുണ്ട മൈതാനത്ത് നടന്ന ക്രിക്കറ്റ് മത്സരങ്ങളോടെയാണ് കായിക മത്സരങ്ങൾക്ക് തുടക്കമായത്.
ഒക്ടോബർ 24-ന് അഴീക്കോടൻ ചാളക്കടവിൽ ഫുട്ബോൾ, ലേബേഴ്സ് കോളിക്കിൽ വടംവലി, തൂലിക കാക്കാട്ടിൽ ഷട്ടിൽ മത്സരങ്ങൾ എന്നിവ നടന്നു. ഒക്ടോബർ 25-ന് എ.കെ.ജി. പള്ളത്തുവയലിൽ കബഡി മത്സരവും 27-ന് സെവൻ സ്റ്റാർ ചാളക്കടവിൽ വോളിബോൾ മത്സരവും സംഘടിപ്പിച്ചു. മടിക്കൈ ഗ്രാമപഞ്ചായത്ത് ഹാളിൽ ചെസ്സ് മത്സരങ്ങളും നീലേശ്വരം ഇ.എം.എസ്. ആശുപത്രിയിൽ നീന്തൽ മത്സരങ്ങളും ബങ്കളത്ത് അത്‌ലറ്റിക്സ് മത്സരങ്ങളും അരങ്ങേറി.
ഒക്ടോബർ 31, നവംബർ 1 തീയതികളിലായി സമത മേക്കാട്ടിൻ്റെ നേതൃത്വത്തിൽ കലാമത്സരങ്ങൾ പൂർത്തിയായി.
വിജയികൾക്കുള്ള സമ്മാനദാനം മടിക്കൈ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി. പ്രകാശൻ നിർവഹിച്ചു. ജനപ്രതിനിധികളും സംഘാടകസമിതി ഭാരവാഹികളും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.
What's Your Reaction?