മൊബൈൽ ഫോണിൽ നിന്ന് പുസ്തകങ്ങളിലേക്ക്; അച്ചാംതുരുത്തിയിൽ വായനാമൃതം
അച്ചാംതുരുത്തി: മൊബൈൽ ഫോണിന്റെ അമിത ഉപയോഗത്തിൽനിന്ന് കുട്ടികളെ അകറ്റി വായനയുടെ വിശാലമായ ലോകത്തേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെ അച്ചാംതുരുത്തി രാജാസ് യുപി സ്കൂളിൽ ആരംഭിച്ച ‘വായനാമൃതം’ പദ്ധതി ശ്രദ്ധേയമാകുന്നു. ഗാന്ധിജയന്തി ദിനമായ ഒക്ടോബർ രണ്ടിന് തുടക്കമിട്ട പദ്ധതി സ്കൂൾ പരിധിയിലെ പത്ത് വായനശാലകളുടെ സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.
കുട്ടികളിൽ വായനാശീലം വളർത്തുന്നതിനൊപ്പം അവരെ വായനശാലകളുമായി അടുപ്പിക്കുക എന്ന ലക്ഷ്യവും പദ്ധതിക്കുണ്ട്. സ്കൂളിലെ 160 കുട്ടികളെയും വായനശാലകളിൽ അംഗങ്ങളാക്കുക എന്ന പ്രാഥമിക ലക്ഷ്യം പദ്ധതി ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ തന്നെ കൈവരിക്കാനായത് നേട്ടമായി.
സ്കൂളിൽനിന്നും വായനശാലകളിൽനിന്നും പുസ്തകങ്ങൾ ശേഖരിച്ച് വായിക്കുകയും വായനാനുഭവങ്ങൾ കുറിപ്പുകളായി തയ്യാറാക്കുകയും ചെയ്യുന്നതാണ് പദ്ധതിയുടെ പ്രധാന പ്രവർത്തനം. കുട്ടികൾ തയ്യാറാക്കുന്ന വായനക്കുറിപ്പുകളിൽ മികച്ചവ തിരഞ്ഞെടുക്കും. ഓരോ മാസവും ഓരോ വായനശാലയുടെ നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ മികച്ച വായനക്കുറിപ്പുകൾ തയ്യാറാക്കുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകും.
ഒക്ടോബർ രണ്ട് മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിക്കുകയും മികച്ച വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് ആയിരം രൂപ വീതം ‘വായനാ പ്രതിഭ സ്കോളർഷിപ്പ്’ നൽകും. വായനയെ പഠനപ്രവർത്തനത്തിനപ്പുറം കുട്ടികളുടെ ജീവിതത്തിന്റെ ഭാഗമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കുട്ടികളുടെ വായനാപ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിനായി സഹകരണ സ്ഥാപനങ്ങളും പദ്ധതിയുമായി കൈകോർക്കുന്നുണ്ട്. ചെറുവത്തൂർ ഫാർമേഴ്സ് ബാങ്കും തുരുത്തി മണൽവാരൽ തൊഴിലാളി ക്ഷേമസഹകരണ സംഘവും പദ്ധതിയുടെ ഭാഗമാണ്.
പ്രീപ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികൾക്കും അവരുടെ അമ്മമാർക്കുമായി ആരംഭിച്ച ‘അമ്മവായന, കുഞ്ഞുവായന’ പരിപാടിയും ശ്രദ്ധേയമാണ്. കുട്ടികളോടൊപ്പം അമ്മമാരെയും വായനയുടെ ഭാഗമാക്കുന്നതിലൂടെ വീടുകളിലും വായനാസംസ്കാരം വളർത്തുകയാണ് ലക്ഷ്യം.
പുസ്തക പരിചയ വീഡിയോകൾ, വായനാ ക്വിസ് മത്സരങ്ങൾ, വായനക്കുറിപ്പുകളുടെ ഡിജിറ്റൽ മാഗസിൻ എന്നിവയും വായനാമൃതത്തിന്റെ ഭാഗമായി സംഘടിപ്പിക്കും. കുട്ടികളുടെ വായനാശീലം വളർത്തുന്നതിനൊപ്പം കുടുംബങ്ങൾ, വായനശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഒരുമിപ്പിക്കുന്ന കൂട്ടായ പ്രവർത്തനമായി പദ്ധതി മുന്നേറുകയാണ്.
പി. ദേവരാജൻ പ്രസിഡന്റും സ്കൂൾ ഹെഡ്മാസ്റ്റർ കെ.വി. പ്രകാശൻ സെക്രട്ടറിയുമായ പി.ടി.എ കമ്മിറ്റിയാണ് പദ്ധതിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.
What's Your Reaction?