ഫാർമർ ഐഡി: കൃഷിഭൂമിയുടെ മുഴുവൻ വിവരങ്ങളും ചേർത്ത് രജിസ്ട്രി പുതുക്കണം
തിരുവനന്തപുരം: അഗ്രിസ്റ്റാക്ക് കർഷക രജിസ്ട്രിയിൽ നേരത്തേ രജിസ്റ്റർ ചെയ്ത് ഫാർമർ ഐഡി നേടിയ കർഷകർ തങ്ങളുടെ പേരിലുള്ള മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ ഉൾപ്പെടുത്തി രജിസ്ട്രി പുതുക്കണമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് അറിയിച്ചു.
രജിസ്ട്രിയുടെ പ്രാരംഭഘട്ടത്തിൽ കർഷകർക്ക് ഉടമസ്ഥതയിലുള്ള ഒരു കൃഷിഭൂമിയുടെ വിവരങ്ങൾ മാത്രമേ ഉൾപ്പെടുത്താൻ കഴിഞ്ഞിരുന്നുള്ളൂ. എന്നാൽ, നിലവിൽ മറ്റ് കൃഷിഭൂമികളുടെ വിവരങ്ങൾ കൂടി ചേർക്കുന്നതിനുള്ള സൗകര്യം അഗ്രിസ്റ്റാക്ക് പോർട്ടലിലും ആപ്ലിക്കേഷനിലും ലഭ്യമാണ്.
കേന്ദ്രസർക്കാരിന്റെ വിവിധ കാർഷിക പദ്ധതികൾ, സബ്സിഡികൾ, പ്രധാനമന്ത്രി ഫസൽ ബീമാ യോജന (PMFBY), കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതി (RWBCIS), റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയുള്ള വളം വിതരണം തുടങ്ങിയ സേവനങ്ങളുടെയും ആനുകൂല്യങ്ങളുടെയും അർഹത ഭാവിയിൽ ഫാർമർ ഐഡിയെയും അതിൽ രേഖപ്പെടുത്തിയിട്ടുള്ള കൃഷിഭൂമിയുടെ വിവരങ്ങളെയും അടിസ്ഥാനമാക്കിയാകും നിർണയിക്കുക.
രജിസ്ട്രിയിൽ രേഖപ്പെടുത്തിയിട്ടുള്ള കൃഷിഭൂമിയുടെ വിസ്തൃതിയുടെ അടിസ്ഥാനത്തിലായിരിക്കും ബന്ധപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കുക. അതിനാൽ, കർഷകർ തങ്ങളുടെ ഉടമസ്ഥതയിലുള്ള മുഴുവൻ കൃഷിഭൂമികളുടെയും വിവരങ്ങൾ രജിസ്ട്രിയിൽ ഉൾപ്പെടുത്തണം. ഇതുവരെ രജിസ്റ്റർ ചെയ്യാത്ത കർഷകർ എത്രയും വേഗം രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും വകുപ്പ് നിർദേശിച്ചു.
കൃഷിഭൂമിയുടെ വിവരങ്ങൾ സ്വയം ചേർക്കുന്നതിനും തിരുത്തുന്നതിനുമുള്ള നടപടിക്രമങ്ങൾ വിശദീകരിക്കുന്ന യൂസർ മാനുവൽ കൃഷിവകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്. മാനുവലിന്റെ സഹായത്തോടെ വിവരങ്ങൾ പുതുക്കാം. കൂടാതെ, സമീപത്തെ അക്ഷയ കേന്ദ്രങ്ങൾ, കോമൺ സർവീസ് സെന്ററുകൾ (CSC), കൃഷിഭവനുകൾ എന്നിവയുടെ സേവനവും പ്രയോജനപ്പെടുത്താം.
യൂസർ മാനുവൽ: https://keralaagriculture.gov.in/en/farmer-registry/
What's Your Reaction?