പ്രശസ്ത തബലിസ്റ്റ് ലോഹിതാക്ഷൻ അന്തരിച്ചു
പള്ളിക്കര പാക്കം സ്വദേശിയാണ്
കാഞ്ഞങ്ങാട്: പ്രശസ്ത തബലിസ്റ്റും സ്റ്റേറ്റ് ബാങ്ക് ജീവനക്കാരനുമായിരുന്ന പള്ളിക്കര പാക്കത്തെ ലോഹിതാക്ഷൻ (70) അന്തരിച്ചു. വീട്ടിലായിരുന്നു അന്ത്യം. കാഞ്ഞങ്ങാട് അതിയാമ്പൂർ സ്വദേശിയാണ്.
1978–80 കാലഘട്ടത്തിൽ ഡോ. കാഞ്ഞങ്ങാട് രാമചന്ദ്രന്റെ ‘സർഗം’ ഓർക്കസ്ട്രയിലെ പ്രമുഖ തബലിസ്റ്റായിരുന്നു ലോഹിതാക്ഷൻ. പരേതനായ സംഗീതജ്ഞൻ ഉണ്ണികൃഷ്ണൻ പരപ്പയുടെ നിരവധി ഭക്തിഗാന സദസ്സുകളിലും ഭക്തിഗാന കാസറ്റുകളിലും തബല വായിച്ചിട്ടുണ്ട്. പ്രശസ്ത നാടക സംവിധായകൻ പപ്പൻ ശ്യാമളാലയത്തിന്റെ നിരവധി അമേച്വർ നാടകങ്ങളുടെ പിന്നണിയിലും പ്രവർത്തിച്ചു. കെ.എൻ. കീപ്പേരിയുടെ കഥാപ്രസംഗ വേദികളിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായിരുന്നു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വൃന്ദഗാനത്തിൽ നിരവധി തവണ സമ്മാനങ്ങൾ നേടിയ കാഞ്ഞങ്ങാട് ദുർഗ്ഗാ ഹൈസ്കൂൾ ടീമിന്റെ മുഖ്യ പരിശീലകരിൽ ഒരാളായിരുന്നു. പ്രശസ്ത ഗായകരായ അരവിന്ദാക്ഷൻ, രഘുപണിക്കർ പെരിയ, അശോകൻ, ജയിൻ ജോൺ, പിന്നണിഗായിക മിൻമിനി എന്നിവരുടെ ഗാനമേളകളിൽ മുഖ്യ തബല വാദകനായും ശ്രദ്ധേയനായി.
ഭാര്യ: പ്രമോദിനി (പാക്കം). മക്കൾ: ഹരിത (ബംഗളൂരു), അമൃത (അസി. മാനേജർ, ഗ്രാമീൺ ബാങ്ക്, കോഴിക്കോട്). സഹോദരങ്ങൾ: രാജേന്ദ്രൻ (ഗ്രാമീൺ ബാങ്ക് ഉദ്യോഗസ്ഥൻ, വെള്ളിക്കോത്ത്), സത്യാവതി (മല്ലം), ഹേമാവല്ലി (മേൽപ്പറമ്പ്), പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി, ഗായത്രിദേവി.
What's Your Reaction?