ബേക്കലിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; 30,000 രൂപയും പിടികൂടി
ബേക്കൽ: കാർ ആക്സസറീസ് ഷോപ്പിന്റെ മറവിൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്നിരുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പാണത്തൂർ ബാപ്പുംകയം മറ്റത്തിൽ എം.എ. ആരിഫിനെയാണ് കാസർകോട് ജില്ലാ നാർക്കോട്ടിക് സെൽ ഡാൻസാഫ് സ്ക്വാഡും ബേക്കൽ പോലീസും ചേർന്ന് പിടികൂടിയത്.
യുവാവിൽ നിന്ന് 4.420 ഗ്രാം എംഡിഎംഎയും 30,000 രൂപയും പിടിച്ചെടുത്തു. ഇന്നലെ രാത്രി ഒമ്പതോടെ ഉദുമ പള്ളത്തെ ഒരു ഓട്ടോമൊബൈൽ സ്ഥാപനത്തിന് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്.
ആരിഫ് നേരത്തേ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി ബേക്കൽ എസ്.ഐ. യു. റോഷിത്തും സംഘവും പട്രോളിങ് നടത്തുന്നതിനിടെ പള്ളത്ത് എത്തിയപ്പോഴാണ് സംഭവം. പോലീസ് വാഹനം കണ്ടതോടെ യുവാവ് മരത്തിന്റെ മറവിലേക്ക് ഓടിമാറാൻ ശ്രമിച്ചു. തുടർന്ന് വാഹനം നിർത്തി യുവാവിനെ പിടികൂടി ദേഹപരിശോധന നടത്തിയപ്പോഴാണ് എംഡിഎംഎ കണ്ടെത്തിയതെന്ന് ബേക്കൽ പോലീസ് വ്യക്തമാക്കി.
What's Your Reaction?