അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണം: കെ.ഐ.എഫ്.ഇ.എ.
കാഞ്ഞങ്ങാട്: അലുമിനിയം ഫാബ്രിക്കേഷൻ മേഖലയിലെ തൊഴിൽ സംരക്ഷണം ഉറപ്പാക്കണമെന്നും പുതിയ നിയമപ്രകാരം ഹൈവേയിൽനിന്ന് ഷോപ്പുകൾക്കുള്ള ദൂരപരിധി 70 മീറ്ററിൽനിന്ന് പഴയതുപോലെ 30 മീറ്ററായി കുറയ്ക്കണമെന്നും കേരള അയൺ ഫാബ്രിക്കേഷൻ ആൻഡ് എൻജിനീയറിങ് അസോസിയേഷൻ കാഞ്ഞങ്ങാട് ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ലൈസൻസുള്ള ഷോപ്പ് ഉടമകൾക്ക് മാത്രം ലൈസൻസ് അനുവദിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും വിലക്കയറ്റവും പരിഹരിക്കണമെന്നും കൺവെൻഷൻ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
എട്ട് യൂണിറ്റുകളിലെ പ്രതിനിധികൾ പങ്കെടുത്ത കൺവെൻഷൻ മാവുങ്കാൽ കുശവൻകുന്ന് റോട്ടറി ഹാളിൽ അജാനൂർ പഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടർ വി. ഹരികൃഷ്ണൻ മുഖ്യാതിഥിയായി.
ബ്ലോക്ക് പ്രസിഡന്റ് പി.വി. മുരളി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും മത്സര പരീക്ഷകളിൽ വിജയിച്ചവരെയും അനുമോദിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സുഗതൻ കുടുംബസഹായ ഫണ്ട് കൈമാറി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. പവിത്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. ദിനേശൻ സംഘടനാ റിപ്പോർട്ടും ബ്ലോക്ക് സെക്രട്ടറി വി.പി. വിജിത്ത് പ്രവർത്തന റിപ്പോർട്ടും ബ്ലോക്ക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ.കെ. അശോകൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.വി. സുഗതൻ, ജില്ലാ പ്രസിഡന്റ് എം. സന്തോഷ് കുമാർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി. ബാലകൃഷ്ണൻ, യു.ആർ. സുരേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറി ഉദയൻ കുണ്ടംകുഴി എന്നിവർ സംസാരിച്ചു.
ബ്ലോക്ക് സെക്രട്ടറി വി.പി. വിജിത്ത് സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ.പി. അജയൻ നന്ദിയും പറഞ്ഞു.
What's Your Reaction?