കാസർകോടിന്റെ പ്രസ്ഥാനിക വേദികളിലെ പത്തരമാറ്റുള്ള സാന്നിധ്യം; സയ്യിദ് അലി ബാഫഖി തങ്ങൾ
പള്ളങ്കോട് അബ്ദുൽ ഖാദർ മദനി
അമീനുശ്ശരീഅഃ സയ്യിദ് അലി ബാഫഖി തങ്ങൾ കാസർകോടിന്റെ വേദികൾക്കും വിശ്വാസിസമൂഹത്തിനും പ്രസ്ഥാനത്തിനും എന്നും വലിയൊരു തണലും അനുഗ്രഹവുമായിരുന്നു. കാസർകോടുമായി അഗാധമായ കുടുംബബന്ധങ്ങളും തങ്ങൾക്കുണ്ടായിരുന്നു. കുമ്പോൽ സയ്യിദ് കെ.എസ്. ആറ്റക്കയ തങ്ങളുടെ മകളുടെ ഭർത്താവായ സയ്യിദ് ഇബ്റാഹിം ബാഫഖി തങ്ങൾ, അലി ബാഫഖി തങ്ങളുടെ മകനാണ്. ഈ കുടുംബബന്ധം കാസർകോടും അലി ബാഫഖി തങ്ങളും തമ്മിലുള്ള ആത്മീയവും പ്രസ്ഥാനികവുമായ ബന്ധത്തെ കൂടുതൽ ദൃഢമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു.
കാസർകോട് ജില്ലയിലെ പ്രസ്ഥാനിക-സ്ഥാപന സമ്മേളനങ്ങളിൽ തങ്ങളുടെ സാന്നിധ്യം നേതാക്കൾക്കും പ്രവർത്തകർക്കും പകർന്നുനൽകിയത് വാക്കുകൾക്കതീതമായ ഊർജമായിരുന്നു. ജാമിയ സഅദിയ്യയുടെ സമ്മേളനങ്ങൾ തീരുമാനിച്ചുകഴിഞ്ഞാൽ സയ്യിദ് കുമ്പോൽ തങ്ങൾ അലി ബാഫഖി തങ്ങളെ പ്രത്യേകം അറിയിക്കാൻ ഓർമിപ്പിക്കുമായിരുന്നു. വിവരം ലഭിച്ചാൽ തങ്ങളത് സ്വന്തം ഡയറിയിൽ കുറിച്ചുവെക്കുകയും ചെയ്യുമായിരുന്നു. കാസർകോട് നടന്ന നിരവധി സമ്മേളന വേദികളിൽ അവിടുത്തോടൊപ്പം നേരിട്ട് പങ്കാളിയാകാൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും അനർഘമായ നിമിഷങ്ങളിലൊന്നാണ്.
ശാരീരികമായ അവശതകളോ പ്രയാസങ്ങളോ അവിടുന്ന് ഒരിക്കലും സാന്നിധ്യത്തിന് തടസ്സമായി കണ്ടില്ല. ഒരു ഫോൺ കോളിലൂടെ ക്ഷണിച്ചാൽ പോലും അസുഖങ്ങൾ വകവെക്കാതെ പ്രാർത്ഥനയോടെ ഓടിയെത്തുന്ന ആ മനസ്സ് വേറിട്ടുനിൽക്കുന്നതായിരുന്നു. കഴിഞ്ഞ സഅദിയ്യ സമ്മേളനത്തിലും ആണ്ട് നേർച്ചാവേളയിലും ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് നേരത്തേ തന്നെ എത്തിച്ചേർന്നു. ദീർഘനേരം വേദിയിലിരുന്ന് സനദ്ദാനം നിർവഹിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്ത ശേഷമാണ് അവിടുന്ന് മടങ്ങിയത്.
മനസ്സിൽ തട്ടുന്ന എളിമയുടെയും ഉന്നതമായ മഹത്വത്തിന്റെയും പ്രതീകമായിരുന്നു അവിടുന്ന്. മാസങ്ങൾക്കുമുമ്പ് വിനീതൻ ആഞ്ചിയോപ്ലാസ്റ്റിക്ക് വിധേയനായി ആശുപത്രിയിൽ കഴിയുമ്പോൾ തങ്ങൾ ഫോണിൽ വിളിച്ച് സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. കാസർകോട് വന്ന് തിരിച്ചുപോകുമ്പോഴാണ് അസുഖവിവരം അറിഞ്ഞതെന്നും വിവിധ വേദികളിൽ തനിക്കുവേണ്ടി ദുആ ചെയ്തിട്ടുണ്ടെന്നും പറഞ്ഞപ്പോൾ പ്രസ്ഥാനബന്ധത്തിന് അവിടുന്ന് നൽകിയിരുന്ന മൂല്യം അടുത്തറിയാനായി.
സ്വന്തം ശാരീരിക പ്രയാസങ്ങളേക്കാൾ മറ്റുള്ളവരുടെ ക്ഷേമത്തിനും അവർക്കുവേണ്ടിയുള്ള പ്രാർത്ഥനകൾക്കും മുൻഗണന നൽകിയ അപൂർവ വ്യക്തിത്വമായിരുന്നു അവിടുന്ന്.
സഅദിയ്യയിൽ എത്തിയപ്പോൾ വിനീതനായ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ച് യാത്രപറഞ്ഞുപോയ നിമിഷങ്ങൾ ഇന്നും മായാത്ത ഓർമയായി മനസ്സിൽ നിൽക്കുന്നു. അന്ന് യാത്രപറയുമ്പോൾ അതൊരു അവസാനത്തെ കൂടിക്കാഴ്ചയായിരിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവിടുത്തെ സ്നേഹവും എളിമയും നിറഞ്ഞ ഓർമകളും അനുഗ്രഹപൂർണമായ പ്രാർത്ഥനകളും എന്നും നമുക്ക് വഴികാട്ടിയായി നിലനിൽക്കട്ടെ.
കാസർകോടിന്റെ പ്രസ്ഥാനിക വേദികളിൽ പത്തരമാറ്റുള്ള സാന്നിധ്യമായിരുന്നു സയ്യിദ് അലി ബാഫഖി തങ്ങൾ. ആ മഹനീയ വ്യക്തിത്വത്തിന്റെ വിയോഗം തീർത്ത ശൂന്യത നികത്താനാവാത്തതാണ്. അവിടുത്തെ സ്മരണകൾ എന്നും ഹൃദയത്തിൽ ആദരവോടെ നിലനിൽക്കും.
What's Your Reaction?