സി വി ശ്രീരാമൻ സ്മൃതി പുരസ്കാരം വി എം മൃദുലിന്
കാഞ്ഞങ്ങാട് മീങ്ങോത്ത് സ്വദേശിയാണ് വി എം മൃദുൽ
കുന്നംകുളം: സി വി ശ്രീരാമൻ ട്രസ്റ്റ് ഏർപ്പെടുത്തിയ സി വി ശ്രീരാമൻ സ്മൃതി പുരസ്കാരത്തിന് കാഞ്ഞങ്ങാട് മീങ്ങോത്ത് സ്വദേശി വി എം മൃദുൽ അർഹനായി. 40 വയസ്സിൽ താഴെയുള്ള യുവ ചെറുകഥാകൃത്തുക്കൾക്കായി ഏർപ്പെടുത്തിയ പുരസ്കാരം മൃദുലിന്റെ 'കുള' എന്ന കഥാസമാഹാരത്തിനാണ്.
വി കെ ശ്രീരാമനാണ് വാർത്താസമ്മേളനത്തിൽ പുരസ്കാരവിവരം അറിയിച്ചത്. കെ എ മോഹൻദാസ്, കെ വി സുബ്രഹ്മണ്യൻ, മനോഹരൻ വി പേരകം എന്നിവർ അടങ്ങിയ ജൂറിയാണ് പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്.
30,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്ന പുരസ്കാരം 24ന് വൈകിട്ട് കുന്നംകുളം നഗരസഭാ ടൗൺഹാളിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.
ട്രസ്റ്റ് ഭാരവാഹികളായ ടി കെ വാസു, എം ബാലാജി, എം എൻ സത്യൻ, പി ജി ജയപ്രകാശ്, പി എഫ് ഷാനു എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
What's Your Reaction?