മലയാളത്തിൽ 24 ഭാഷകൾ പഠിക്കാം; ആപ്പുമായി പ്ലസ് വൺ വിദ്യാർത്ഥി ഗോകുൽ കൃഷ്ണ

Oct 23, 2026 - 10:07
 0
മലയാളത്തിൽ 24 ഭാഷകൾ പഠിക്കാം; ആപ്പുമായി പ്ലസ് വൺ വിദ്യാർത്ഥി ഗോകുൽ കൃഷ്ണ

കാഞ്ഞങ്ങാട്: മലയാളികൾക്ക് സ്വന്തം മാതൃഭാഷയിലൂടെ വിദേശ-ഇന്ത്യൻ ഭാഷകൾ പഠിക്കാൻ അവസരമൊരുക്കുന്ന ആപ്പ് വികസിപ്പിച്ച് ബളാംതോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി. പാണത്തൂർ കുണ്ടുപ്പള്ളിയിലെ ഗോകുൽ കൃഷ്ണയാണ് ആറുമാസത്തെ പരിശ്രമത്തിലൂടെ ‘ലിംഗോമേറ്റ്’ എന്ന ആപ്പ് വികസിപ്പിച്ചെടുത്തത്.

ഇംഗ്ലീഷ്, ജർമൻ, സ്പാനിഷ്, ഫ്രഞ്ച്, അറബിക് തുടങ്ങിയ വിദേശഭാഷകൾക്കും ഹിന്ദി, മറാഠി, കന്നഡ തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്കുമുൾപ്പെടെ 24 ഭാഷകൾ മലയാളത്തിലൂടെ സൗജന്യമായി പഠിക്കാനുള്ള സൗകര്യമാണ് ആപ്പിലുള്ളത്. അധികം വൈകാതെ 31 ഭാഷകൾ പഠിക്കാനുള്ള സൗകര്യം കൂടി ഒരുക്കുമെന്ന് ഗോകുൽ കൃഷ്ണ പറഞ്ഞു. ആപ്പിൽ ലഭ്യമായ ഏതെങ്കിലും ഒരു ഭാഷ ഉപയോഗിച്ച് മറ്റു ഭാഷകളും പഠിക്കാനാകും.

ഭാഷകളുടെ ഉച്ചാരണം, വ്യാകരണം, നിത്യജീവിതത്തിലെ പ്രയോഗങ്ങൾ എന്നിവയും ആപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവർക്കും വിവിധ ഭാഷകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ആപ്പ് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷ. നിലവിൽ lingomate.apk.com എന്ന വെബ്സൈറ്റിൽ ആപ്പ് ലഭ്യമാണ്. വൈകാതെ പ്ലേ സ്റ്റോറിലും ലഭ്യമാക്കും.

പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് സ്വന്തമായി ഒരു ആപ്പ് വികസിപ്പിക്കണമെന്ന ആശയം ഗോകുൽ കൃഷ്ണയുടെ മനസ്സിലുദിച്ചത്. അവധിക്കാലം ഇതിനായി മാറ്റിവെച്ചാണ് ആറുമാസം കൊണ്ട് ആപ്പ് പൂർത്തിയാക്കിയത്. നേരത്തേ നിരവധി പേർക്ക് വെബ്സൈറ്റുകൾ തയ്യാറാക്കി നൽകിയതിൽനിന്നുള്ള പ്രചോദനമാണ് പുതിയ സംരംഭത്തിന് വഴിയൊരുക്കിയത്.

വെബ്സൈറ്റ് ഡെവലപ്മെന്റ്, ആപ്ലിക്കേഷൻ ഡെവലപ്മെന്റ്, ത്രീഡി ആനിമേറ്റഡ് വെബ്സൈറ്റ് തുടങ്ങിയ ഐടി സേവനങ്ങളും ഗോകുൽ നൽകുന്നുണ്ട്. ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഒരുപോലെ ഉപയോഗിക്കാവുന്ന വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും വികസിപ്പിച്ചുനൽകുന്നുണ്ട്. കമ്പ്യൂട്ടർ സയൻസിൽ ബിരുദപഠനം നടത്തുകയാണ് ലക്ഷ്യമെന്നും ഗോകുൽ പറഞ്ഞു.

പാണത്തൂർ കുണ്ടുപ്പള്ളിയിലെ കുയ്യങ്ങാട്ട് പി. കൃഷ്ണകുമാർ–രഞ്ജിനി ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: ഗോവിന്ദ് കൃഷ്ണ, ഗൗതം കൃഷ്ണ.

ആപ്പിന്റെ ലോഞ്ചിങ് പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് സ്വിച്ച് ഓൺ ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വേണുഗോപാൽ, എം. ഷിബു, സാമൂഹിക പ്രവർത്തകൻ എം.കെ. സുരേഷ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. കാഞ്ഞങ്ങാട്ട് നടന്ന വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് അംഗങ്ങളായ കെ.കെ. വേണുഗോപാൽ, എം. ഷിബു, പിതാവ് പി. കൃഷ്ണകുമാർ, ബന്ധു രാജീവ, സിസ്റ്റം മാനേജർ ബി. ജിതേഷ് എന്നിവരും പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow