സംസ്ഥാന സ്കൂൾ കായികമേള: ചായോത്ത് സ്കൂളിൽനിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു
നീലേശ്വരം: കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്കൂൾ കായികമേളയിലേക്കുള്ള ദീപശിഖ പ്രയാണത്തിന് ചായോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ തുടക്കമായി. നിരവധി ദേശീയ കായിക താരങ്ങളെ വളർത്തിയെടുത്ത സ്കൂളിൽ നടന്ന ചടങ്ങ് രാവിലെ ഒമ്പതിന് എം.എൽ.എ ഗോവിന്ദൻ പള്ളിക്കാപ്പിൽ ഉദ്ഘാടനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. രാജൻ അധ്യക്ഷനായി. അന്തർദേശീയ കായികതാരം കെ.സി. സർവാൻ ദീപശിഖ ഏറ്റുവാങ്ങി.
കണ്ണൂർ ജില്ലയിലെ കരിവെള്ളൂർ വരെ ചായോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കായികതാരങ്ങൾ ദീപശിഖ പ്രയാണത്തിൽ പങ്കുചേരും. നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂളിലും പിലിക്കോട് സി.കെ.എൻ. ഹയർ സെക്കൻഡറി സ്കൂളിലും ദീപശിഖയ്ക്ക് സ്വീകരണം നൽകും. നീലേശ്വരത്തെ സ്വീകരണ പരിപാടിയിൽ നഗരസഭാ ചെയർമാൻ മുഹമ്മദ് റാഫിയും പിലിക്കോട് നടക്കുന്ന ചടങ്ങിൽ സന്ദീപ് വാര്യർ എം.എൽ.എയും പങ്കെടുക്കും.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. മനു, ഒക്ലാവ് കൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം ഡോ. സറീന സലാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ പാറക്കോൽ രാജൻ, വാർഡ് മെമ്പർ ധന്യ, എൻ.ടി.എഫ്.ഡബ്ല്യു. അസിസ്റ്റന്റ് സെക്രട്ടറി മൊയ്തീൻ, എസ്.എസ്.കെ. ഡി.പി.സി. ഷൗക്കത്തലി, പി.ടി.എ. പ്രസിഡന്റ് പി. മനോഹരൻ, എസ്.എം.സി. ചെയർമാൻ എ. സത്യൻ, ഒളിമ്പ്യൻ കുഞ്ഞുമോൾ, മദർ പി.ടി.എ. പ്രസിഡന്റ് ധന്യ, എ.ഇ.ഒ. സുരേന്ദ്രൻ, ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ പ്രീതിമോൾ, സെക്രട്ടറി ബിജു മാസ്റ്റർ എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ കെ.പി. സീമ ചടങ്ങിൽ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ സുനിൽകുമാർ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി നന്ദിയും പറഞ്ഞു.
68-ാമത് സംസ്ഥാന സ്കൂൾ കായികമേള ഒക്ടോബർ 25 മുതൽ 31 വരെ കോഴിക്കോട് എൻ.ഐ.ടി.യിലാണ് നടക്കുന്നത്.
What's Your Reaction?