കാഞ്ഞങ്ങാട്ട് ‘സാംസ്കാരസായാഹ്നം’ ശ്രദ്ധേയമായി; ‘ചൊറിയൻ പുഴു’ നാടകം ആകർഷണമായി

Oct 26, 2026 - 21:05
 0
കാഞ്ഞങ്ങാട്ട് ‘സാംസ്കാരസായാഹ്നം’ ശ്രദ്ധേയമായി; ‘ചൊറിയൻ പുഴു’ നാടകം ആകർഷണമായി

കാഞ്ഞങ്ങാട്: കെ.പി.സി.സി. സംസ്കാര സാഹിതി കാഞ്ഞങ്ങാട്ടെ ഓപ്പൺ വേദിയിൽ സംഘടിപ്പിച്ച ‘സാംസ്കാരസായാഹ്നം’ വൈവിധ്യമാർന്ന കലാപരിപാടികളാൽ ശ്രദ്ധേയമായി. വിവിധ കലാപരിപാടികൾക്കും നൃത്താവതരണങ്ങൾക്കും പുറമെ തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സ് അവതരിപ്പിച്ച ‘ചൊറിയൻ പുഴു’ എന്ന നാടകവും കലാസ്വാദകരുടെ മനംകവർന്നു.

ലഹരി ഉൾപ്പെടെയുള്ള മാനസികവും സാമൂഹികവുമായ വെല്ലുവിളികളിൽനിന്ന് പുതുതലമുറയെ സംരക്ഷിക്കുന്നതിൽ നാടകങ്ങൾ ഉൾപ്പെടെയുള്ള കലാ-സാംസ്കാരിക പ്രവർത്തനങ്ങൾക്ക് വലിയ പങ്കുവഹിക്കാനാകുമെന്ന് സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ. മഹേഷ് എം.എൽ.എ. പറഞ്ഞു.

രാജ്യത്തെ സാംസ്കാരിക അക്കാദമികളിൽ ഭൂരിഭാഗവും കൈവശമുണ്ടായിരുന്ന കോൺഗ്രസിന് കേരളപ്പിറവിക്കുശേഷം തിരിച്ചടി നേരിട്ടതിനു പിന്നിൽ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന് വലിയ പങ്കുണ്ടായിരുന്നു. നാടകത്തിന്റെ ശക്തി ജവഹർലാൽ നെഹ്റുവിനുപോലും തിരിച്ചറിയാൻ കഴിഞ്ഞിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ചെയർമാൻ ബഷീർ ആറങ്ങാടി അധ്യക്ഷത വഹിച്ചു. കേരള ഫോക്‌ലോർ അക്കാദമി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എം. പ്രദീപ് കുമാറിനെ ചടങ്ങിൽ ആദരിച്ചു.

സംസ്ഥാന ജയിൽ ഉപദേശക സമിതി ബോർഡ് അംഗം ധന്യ സുരേഷ്, വെള്ളിക്കോത്ത് വിഷ്ണുഭട്ട്, ചിത്രകാരൻ പ്രഭൻ നീലേശ്വരം, കലാമണ്ഡലം സൗമ്യ ബി. കൃഷ്ണ, കവി നാലപ്പാടം പത്മനാഭൻ, നാടക നടൻ പി.പി. കുഞ്ഞികൃഷ്ണൻ നായർ വെള്ളിക്കോത്ത്, ഫോട്ടോഗ്രാഫർ സുകുമാർ ആശിർവാദ്, സിനിമാതാരം വൃന്ദ മേനോൻ, സംഗീതസംവിധായകൻ ശ്രീശൈലം രാധാകൃഷ്ണൻ, വാസ്തുശാസ്ത്ര വിദഗ്ധൻ ഡോ. സോമരാജ് രാഘവ ആചാര്യ, സിനിമാതാരങ്ങളായ അഡ്വ. ഗംഗാധരൻ കുട്ടമത്ത്, സുനിൽ സൂര്യ എന്നിവർ ആദരം ഏറ്റുവാങ്ങി.

ഡി.സി.സി. പ്രസിഡന്റ് പി.കെ. ഫൈസൽ, ഹക്കിം കുന്നിൽ, നാലപ്പാടം പത്മനാഭൻ, അഡ്വ. ഗംഗാധരൻ കുട്ടമത്ത്, ധന്യ സുരേഷ്, ഡോ. വിവേക് സുധാകരൻ, അനിൽ വാഴുന്നോറടി, അഡ്വ. ബിജു കൃഷ്ണ, രാജീവൻ ടി. എന്നിവർ സംസാരിച്ചു. കൺവീനർ ദിനേശൻ മൂലക്കണ്ടം സ്വാഗതം പറഞ്ഞു. ഫോക്‌ലോർ അക്കാദമി സെക്രട്ടറി എം. പ്രദീപ് കുമാർ മറുപടി പ്രസംഗം നടത്തി.

കലാമണ്ഡലം സൗമ്യ ബി. കൃഷ്ണയുടെ ഭരതനാട്യവും മയൂര കാഞ്ഞങ്ങാട്ടിലെ നർത്തകർ അവതരിപ്പിച്ച ഫ്യൂഷൻ തിരുവാതിരയും നൃത്തവും പരിപാടികൾക്ക് മാറ്റുകൂട്ടി. തിരുവനന്തപുരം സാഹിതി തിയേറ്റേഴ്സിന്റെ ‘ചൊറിയൻ പുഴു’ എന്ന നാടകത്തോടെയാണ് സാംസ്കാരസായാഹ്നം സമാപിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow