പ്രസവാനന്തര പരിചരണത്തിനിടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി; പരിചാരക അറസ്റ്റിൽ
കാസർകോട്: പ്രസവാനന്തര പരിചരണത്തിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തി പ്രചരിപ്പിച്ചെന്ന പരാതിയിൽ യുവതി അറസ്റ്റിൽ. കർണാടക സ്വദേശിനി സുലൈഖ റാസിയ (25)യെയാണ് കാസർകോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്.
കാസർകോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 27കാരിയാണ് പരാതിക്കാരി. രണ്ടാമത്തെ പ്രസവത്തെ തുടർന്ന് യുവതിയുടെ പരിചരണത്തിനായാണ് സുലൈഖ വീട്ടിലെത്തിയത്. സെപ്റ്റംബർ ഏഴിനും 20നും ഇടയിലുള്ള ദിവസങ്ങളിൽ പരിചരണത്തിന്റെ മറവിൽ രഹസ്യമായി ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് വിവിധ ആളുകൾക്ക് വാട്സാപ്പിലൂടെ അയച്ചുനൽകുകയും ചെയ്തെന്നാണ് പരാതി.
ദൃശ്യങ്ങൾ ലഭിച്ചവരിൽ പ്രതിയുടെ ഭർത്താവും ഉൾപ്പെട്ടിരുന്നതായി പോലീസ് പറയുന്നു. സുലൈഖയുടെ മൊബൈൽ ഫോൺ പരാതിക്കാരി യാദൃച്ഛികമായി പരിശോധിച്ചതോടെയാണ് സ്വകാര്യ ദൃശ്യങ്ങൾ പകർത്തി സൂക്ഷിക്കുകയും മറ്റുള്ളവർക്ക് അയച്ചുനൽകുകയും ചെയ്തതായി കണ്ടെത്തിയത്.
തുടർന്ന് യുവതി വീട്ടുകാരെ വിവരമറിയിക്കുകയും പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത കാസർകോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സുലൈഖ അറസ്റ്റിലായത്.
സംഭവത്തിന് പിന്നിൽ പ്രതിയും ഭർത്താവും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടാനുള്ള ശ്രമം നടത്തിയിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
What's Your Reaction?