പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

Sep 23, 2026 - 13:23
 0
പോലീസ് ഉദ്യോഗസ്ഥർക്ക് ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി; എഡിജിപിയുടെ നിർദേശം

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ക്ഷേമം ഉറപ്പാക്കുന്നതിനുമായി ആഴ്ചയിൽ ഒരു ദിവസം നിർബന്ധിത അവധി നൽകണമെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ജില്ലാ പോലീസ് മേധാവികൾക്ക് നിർദേശം നൽകി.

എസ്‌എച്ച്‌ഒ ഉൾപ്പെടെയുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും പ്രതിവാര അവധി കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവികൾ ഉറപ്പാക്കണം. ഓരോ ഉദ്യോഗസ്ഥന്റെയും പ്രതിവാര അവധി മുൻകൂട്ടി ഡ്യൂട്ടി രജിസ്റ്ററിൽ രേഖപ്പെടുത്തണമെന്നും നിർദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനും വ്യക്തിപരമായ ആവശ്യങ്ങൾ നിറവേറ്റാനും ഉദ്യോഗസ്ഥർക്ക് മതിയായ സമയം ലഭ്യമാക്കുകയാണ് ലക്ഷ്യം. കുടുംബവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളിലും മറ്റ് പ്രത്യേക അവസരങ്ങളിലും ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കണമെന്നും നിർദേശമുണ്ട്.

അത്യാവശ്യവും അടിയന്തരവുമായ സാഹചര്യങ്ങൾ ഒഴികെ ഉദ്യോഗസ്ഥർക്ക് അർഹമായ പ്രതിവാര അവധി നിഷേധിക്കരുതെന്നും എഡിജിപി നിർദേശിച്ചു. പുതിയ നിർദേശം പോലീസ് സേനാംഗങ്ങൾ പ്രതീക്ഷയോടെയാണ് കാണുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow